> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഭീതിയുടെ ചുരമിറങ്ങി ഈരാറ്റുപേട്ട-വാഗമൺ പാത: ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ശാശ്വത പരിഹാരമില്ല
- URL: https://www.vaikomvartha.com/kottayam-news-36/
- Published: 2026-09-23T07:36:33.000Z
- Updated: 2026-09-23T07:36:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര പാതയായ ഈരാറ്റുപേട്ട-വാഗമൺ റോഡ് ഇപ്പോൾ മരണക്കെണിയായി മാറിയിരിക്കുകയാണ്. പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ഭീതി സമ്മാനിക്കുന്ന അവസ്ഥയിലാണ് ഈ വഴിയിലൂടെയുള്ള ഓരോ യാത്രയും. മഴ ശക്തമാകുന്നതോടെ റോഡിന് ഇരുവശത്തുമുള്ള കുത്തനെയുള്ള മലനിരകളിൽ നിന്ന് കൂറ്റൻ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുന്നത് പതിവാണ്. റോഡിന്റെ പല ഭാഗങ്ങളിലും അപകടനിലയിൽ നിൽക്കുന്ന പാറക്കെട്ടുകൾ ഏതുസമയത്തും അടർന്നുവീഴാം. അടിയന്തര സാഹചര്യങ്ങളിൽ രാത്രിയാത്ര തടയുക എന്ന താൽക്കാലിക പരിഹാരം മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-3.jpg)

സെപ്റ്റംബർ 20 ന് കാരികാട് ടോപ്പിൽ മണ്ണിടിഞ്ഞ് തിരുവള്ളൂർ സ്വദേശിനി സംഗീത അരുൾലാൽ ദാരുണമായി കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിലേക്ക് ചെളിയും കല്ലും ഒഴുകിയെത്തി രണ്ട് കാറുകൾ അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. തുടര്‍ന്ന് വേലത്തുശ്ശേരിക്ക് സമീപം കൽക്കെട്ട് തകരുകയും ചെയ്തു.ജൂലൈ 31 ന് വൻതോതിൽ പാറക്കല്ലുകളും മണ്ണും വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അന്ന് വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. അപകടസാധ്യതയേറിയ മേഖലകൾ കൃത്യമായി കണ്ടെത്തി ശാസ്ത്രീയ പഠനത്തിലൂടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. വർഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതർ ഇപ്പോഴും ഇത് അവഗണിക്കുകയാണെന്ന് യാത്രക്കാരും നാട്ടുകാരും കുറ്റപ്പെടുത്തുന്നു.