> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൗദി അറേബ്യയിൽ വാഹനാപകടം: രണ്ട് മലയാളികളടക്കം നാല് ഇന്ത്യൻ നഴ്സുമാർ മരിച്ചു
- URL: https://www.vaikomvartha.com/kottayam-news-47/
- Published: 2026-10-03T08:25:33.000Z
- Updated: 2026-10-03T08:25:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, അന്താരാഷ്ട്ര വാര്‍ത്തകൾ, Kottayam

​മക്ക: സൗദി അറേബ്യയിലെ തായിഫിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികളടക്കം നാല് ഇന്ത്യൻ നഴ്സുമാർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരനും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ, അൽ അവെയ്‌ല എന്നീ ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന ആരോഗ്യപ്രവർത്തകരാണ് ദുരന്തത്തിൽപ്പെട്ടത്.

​കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു (46), കോട്ടയം കുറുമല്ലൂർ സ്വദേശിനി ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് അണ്ണാ സത്യനഗറിൽ നിന്നുള്ള വിജയലക്ഷമി ജഗദീഷ് (37), തഞ്ചാവൂർ പട്ടുകോട്ട അന്തോണിയാർ സ്ട്രീറ്റിൽ ഹെപ്സിബ ദേവമണി (33) എന്നിവരാണ് ജീവൻ നഷ്ടപ്പെട്ട മറ്റ് നഴ്സുമാർ. ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഡ്രൈവറാണ് മരിച്ച സൗദി പൗരൻ.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735761-1.jpg)

​അവധി ദിവസമായ വെള്ളിയാഴ്ച ഷോപ്പിങ്ങിനായി പോകുമ്പോഴായിരുന്നു ഇവരുടെ കാർ അപകടത്തിൽപ്പെട്ടത്. തായിഫ് - റാനിയ റോഡിൽ റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെവെച്ച് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓഫ് റോഡിൽ നിന്ന് അപ്രതീക്ഷിതമായി കയറി വന്ന മറ്റൊരു വാഹനം ഇവർ സഞ്ചരിച്ച കാറിലിടിച്ചാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

​മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങൾ നിലവിൽ റാനിയ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി നഴ്സുമാരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ചർച്ചകളും ബന്ധപ്പെട്ട വകുപ്പുകളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.