> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി
- URL: https://www.vaikomvartha.com/kottayam-news-8/
- Published: 2026-07-30T13:10:19.000Z
- Updated: 2026-07-30T13:10:19.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം**:** പാചക വാതക സിലിണ്ടറിന്റെ നിയന്ത്രണം പിൻവലിച്ചിട്ടും ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ ഹോട്ടലുകൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായ ഉൾപ്പെടെയുള്ള വിഭവങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീരുമാനം. എല്ലാ ഹോട്ടലുകളിലും ബേക്കറികളിലും പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുന്ന രീതിയിൽ കൃത്യമായി വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നിശ്ചിത വിലയേക്കാൾ അധിക തുകയോ മറ്റ് ചാർജുകളോ ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചാൽ തക്കതായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഭക്ഷണശാലകൾക്ക് പുറമേ പഴം, പച്ചക്കറി, പലചരക്ക് വിൽപ്പന കേന്ദ്രങ്ങളിലും മത്സ്യ മാർക്കറ്റുകളിലും വിലവിവരപട്ടിക നിർബന്ധമായും പ്രദർശിപ്പിക്കേണ്ടതാണ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000636332-25.jpg)

**ഗാർഹിക സിലിൻഡറുകൾ ദുരുപയോഗം ചെയ്താൽ പ്രോസിക്യൂഷൻ നടപടി**

ഹോട്ടലുകൾ, ബേക്കറികൾ, മറ്റ് വ്യാപാരാവശ്യങ്ങൾക്കുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിൻഡറുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരം സിലിൻഡറുകൾ കണ്ടുകെട്ടുമെന്നും സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസറും മുന്നറിയിപ്പ് നൽകി.