> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇനി 'സീറോ റുപ്പി ടിക്കറ്റ്'; കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്രാ പദ്ധതിയുമായി സർക്കാർ
- URL: https://www.vaikomvartha.com/ksrtc-2/
- Published: 2026-06-12T09:05:40.000Z
- Updated: 2026-06-12T09:51:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം**:** സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ പ്രായഭേദമന്യേ വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും യാതൊരുവിധ ഉപാധികളുമില്ലാതെ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 15-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷമായിരിക്കും പദ്ധതി ഔദ്യോഗികമായി ആരംഭിക്കുക.

### ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളിൽ സൗജന്യം

ആദ്യഘട്ടത്തിൽ ഓർഡിനറി ബസ്സുകളിൽ മാത്രമല്ല, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളിലും ഈ ആനുകൂല്യം ലഭ്യമാകും. സൗജന്യ യാത്ര അനുവദിക്കുന്ന ബസ്സുകളിൽ തിരിച്ചറിയുന്നതിനായി **'പ്രിയദർശിനി'** എന്ന പേരിലുള്ള പ്രത്യേക സ്റ്റിക്കറുകൾ പതിക്കും. ഈ ബസ്സുകളിൽ യാത്ര ചെയ്യുന്ന വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കുമായി കണ്ടക്ടർമാർ **'സീറോ റുപ്പി ടിക്കറ്റ്'** നൽകുന്നതായിരിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566142-11.jpg)

### വരുമാനത്തിൽ വർദ്ധനവുണ്ടാകും:

  
സൗജന്യ യാത്ര യാഥാർത്ഥ്യമാകുന്നതോടെ സാധാരണക്കാരായ തൊഴിലാളി സ്ത്രീകളുടെ വരുമാനത്തിൽ 15 ശതമാനം മുതൽ 25 ശതമാനം വരെ വർദ്ധനവുണ്ടാകും. ഇത് അവരുടെ യഥാർത്ഥ കൂലി വർദ്ധനവിന് തുല്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

### ഡിപ്പോകളിൽ വികസന സമിതികൾ വരുന്നു

ആശുപത്രി ഡെവലപ്‌മെന്റ് കമ്മിറ്റികളുടെ (എച്ച്.ഡി.സി) മാതൃകയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ കേന്ദ്രീകരിച്ചും വികസന സമിതികൾ രൂപീകരിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. രാഷ്ട്രീയ പ്രതിനിധികൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണനേതൃത്വം എന്നിവരെ ഉൾപ്പെടുത്തിയായിരിക്കും ഈ കമ്മിറ്റികൾ നിലവിൽ വരിക.

### മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:

- **ഗ്രാമവണ്ടികൾ വർദ്ധിപ്പിക്കും:** നിലവിൽ സർവീസ് നടത്തുന്ന ഗ്രാമവണ്ടികളുടെ എണ്ണം 58-ൽ നിന്നും 500 ആക്കി ഉയർത്തും.
- **ടിക്കറ്റ് ഇതര വരുമാനം:** കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാനുള്ള വിപുലമായ നടപടികളും ആലോചനയിലുണ്ടെന്ന് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.