> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് വാട്ടർ അതോറിറ്റിയുടെ 'പെരുന്തച്ചൻ വിദ്യ': വഴിപോക്കർക്ക് പൈപ്പിൽ നിന്ന് 'തീർത്ഥാഭിഷേകം'!
- URL: https://www.vaikomvartha.com/kudivellam-pazakunnu/
- Published: 2026-05-07T07:30:23.000Z
- Updated: 2026-05-07T14:00:14.000Z
- Description: എസ്. സതീഷ് കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: പണ്ട് പെരുന്തച്ചൻ പാലത്തിൽ യാത്രക്കാരുടെ മുഖത്ത് വെള്ളം തുപ്പുന്ന പാവയെ സ്ഥാപിച്ചപ്പോൾ വൈക്കം വാട്ടർ അതോറിറ്റി മറ്റൊരു പണിയാണ് കിഴക്കേ നടയിൽ ഒരുക്കിയിരിക്കുന്നത്. ആറാട്ടുകുളങ്ങരക്കും കിളിയാറ്റ് നടക്കും ഇടയിലെ റോഡിലുള്ള ചെറു കലുങ്കിലാണ് വൈക്കം വാട്ടർ അതോറിറ്റിയിലെ വെള്ളം തുപ്പുന്ന പൈപ്പ്. 

കഴിഞ്ഞ ഒരു മാസത്തിന് അധികമായി വാട്ടർ അതോറിറ്റി വഴിയാത്രക്കാരുടെ മേൽ ഇങ്ങനെ കുടിവെള്ളം ചീറ്റിക്കുന്നു. വേനലിന്റെ കാഠിന്യവും പമ്പ് ഹൗസിലെ തകരാറും എല്ലാം നാട്ടിലാകെ കുടിവെള്ളം മുട്ടിക്കുമ്പോഴാണ് വാട്ടർ അതോറിറ്റി റോഡരികിൽ ഈ ജലകേളി ഒരുക്കിയിരിക്കുന്നത്. പരാതി ഉയർന്നപ്പോൾ പൈപ്പ് നന്നാക്കാതെ തുണിയും പ്ലാസ്റ്ററും ഒക്കെ ചുറ്റി വച്ചിരിക്കുകയാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/05/1000530080-6.jpg)

നിലവിൽ പരാതി പറഞ്ഞ് നാട്ടുകാർ മടുത്തിട്ടും പ്രതിഷേധമുയർത്തിയിട്ടും വഴിയാത്രക്കാരുടെ മേലുള്ള ഈ കുടിവെള്ള വിതരണം നിർത്താൻ ഉദ്യോഗസ്ഥരുടെ സമയം കിട്ടിയിട്ടില്ല. കലുങ്കിനടിയിലുള്ള ഈ പൈപ്പ് പൊട്ടിയ ഭാഗത്ത് കൂടി മാലിന്യം കുടിവെള്ളത്തിൽ കലരാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. വേനൽക്കാലത്ത് ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ വഴിയിലൂടെ പോകുന്നവർക്ക് നൽകുന്ന വാട്ടർ അതോറിറ്റിയുടെ സൗജന്യ സേവനം ആണോ എന്നാണ് ഇപ്പോൾ നാട്ടുകാരുടെ സംശയം ഉയരുന്നത്. എന്തായാലും നാട്ടുകാർക്ക് കുടിക്കാൻ വെള്ളം കിട്ടാത്ത സാഹചര്യത്തിൽ വാട്ടർ അതോറിറ്റിയുടെ കടന്ന കൈ തന്നെയാണ് ഈ പെരുന്തച്ചൻവിദ്യ. ഇനി അഭിനവ പെരുന്തച്ചന്റെ മകൻ തന്നെ മറുവിദ്യ കൊണ്ടുവന്നാലെ ഉദ്യോഗസ്ഥരുടെ കണ്ണു തുറക്കൂ എന്നാണ് പിന്നാമ്പുറ സംസാരം.