> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ്
- URL: https://www.vaikomvartha.com/kumarakom-boat-accident/
- Published: 2026-07-27T08:10:30.000Z
- Updated: 2026-07-27T08:10:30.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: വൈക്കത്തോട് ചേർന്ന് കിടക്കുന്ന കുമരകത്ത് ഉണ്ടായ നടുക്കുന്ന ബോട്ടു ദുരന്തത്തിന്റെ ഇരുപത്തിനാലാം ഓർമ്മദിനം ഇന്ന്. കുമരകം ബോട്ട് ദുരന്തം നടന്നിട്ട് 24 വർഷമാണ് പിന്നിടുന്നത്... 29 പേർ വേമ്പനാട്ടു കായലിൽ മുങ്ങിമരിച്ച നടുക്കുന്ന ഓർമ്മയുടെ 24-ാം സ്മരണ ദിനത്തിൽ നഷ്ടമായ ജീവനുകൾക്ക് ഹൃദയാഞ്ജലിയേകാം. 2002 ജൂലൈ 27 നാണ് വേമ്പനാട്ടു കായലിന്റെ ആഴങ്ങളിൽ 29 ജീവനുകൾ നഷ്ടമായത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ53 യാത്രാബോട്ട് മുങ്ങി പി.എസ്‌.സി പരീക്ഷ എഴുതാൻ പോയ ഉദ്യോഗാർത്ഥികളും തൊഴിലാളികളും ഒരു കുഞ്ഞും ഉൾപ്പെടെയാണ് 29 പേർ അന്ന് മരണപ്പെട്ടത്.​ പുലർച്ചെ മുഹമ്മയിൽ നിന്ന് തുടങ്ങിയ ആദ്യ കുമരകം സർവ്വീസാണ് രാവിലെ ഇരുട്ട് നീങ്ങുന്ന സമയത്ത് കുമരകത്തിന് സമീപം കായലിൽ അപകടത്തിൽപ്പെട്ടത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000634735-2-1.jpg)

അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയതും ബോട്ടിന്റെ അടിത്തട്ട് തകർന്നതുമാണ് അപകടത്തിന് കാരണമായതെന്നായിരുന്നു കണ്ടെത്തിയത്. കായലിൽ വെച്ച് ബോട്ടിന്റെ അടിത്തട്ടിലെ ദ്വാരത്തിലൂടെ വെള്ളം കയറിയതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തലകീഴായി മറിഞ്ഞത്.​അപകടം നടന്നയുടൻ പ്രദേശവാസികളും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് പോലീസും ഫയർഫോഴ്‌സും നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എത്തി തിരച്ചിൽ മൃതദേഹങ്ങളടക്കം കണ്ടെത്തുകയായിരുന്നു.​ കായലിലെ ശക്തമായ അടിയൊഴുക്കും ആഴവും തടസ്സപ്പെടുത്തിയ ഏറെ ക്ലേശകരമായതായിരുന്നു അന്നത്തെ രക്ഷാപ്രവർത്തനവും... ആരും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ദുരന്തദിന 24-ാം വാർഷികത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് നൊമ്പര പൂക്കൾ കൊണ്ട് ഓർമ്മാഞ്ജലി അർപ്പിക്കാം.