> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി
- URL: https://www.vaikomvartha.com/malinyam-thallunnatayi-parathi/
- Published: 2026-06-01T21:37:59.000Z
- Updated: 2026-06-02T05:57:04.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: ചേരുംചുവട് ഭാഗത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു. നഗരഭാഗത്ത് തന്നെ സ്ഥിരമായി ശുചിമുറി മാലിന്യം തള്ളിയിട്ടും അധികൃതർ കണ്ണടക്കുയാണെന്നാണ് പരാതി. ഏറെ തിരക്കേറിയ വൈക്കം വെച്ചൂർ റോഡരുകിലാണ് രാത്രികാലങ്ങളിൽ സ്ഥിരമായി ശുചിമുറി മാലിന്യം തള്ളുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ തന്നെ നിരവധി ദിവസങ്ങളിൽ ഇവിടെ ശുചിമുറി മാലിന്യം തള്ളിയതായി പ്രദേശവാസികൾ പറയുന്നു. 

0:00 

/1:14 

1× 

ഇത് കഴിഞ്ഞ രാത്രി തോട്ടുവക്കത്തിനും ചേരുംചൂവടിനും ഇടയിൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയതിന്റെ ദൃശ്യങ്ങളാണ്. കെ.വി കനാലിന്റെ ഭാഗമായ പുത്തൻ തോട്ടിലേക്ക് റോഡിനോട് ചേർന്ന് തള്ളുന്ന മാലിന്യം വെള്ളത്തിൽ ഒഴുകി ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഇതിന് സമീപം തന്നെ മാലിന്യം തുടർച്ചയായി നിക്ഷേപിച്ചതിനെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധ ബാനർ അടക്കം ഇവിടെ സ്ഥാപിച്ചിരുന്നു. തുടർന്ന് കുറച്ചുനാളുകൾ മാലിന്യം തള്ളൽ ഉണ്ടായില്ല. എന്നാൽ അടുത്ത ഒന്ന് രണ്ട് മാസങ്ങളിലായി തുടർച്ചയായി ഇവിടെ മാലിന്യം തള്ളുകയാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566128.jpg)

പരാതി പറഞ്ഞ് മടുത്ത പ്രദേശവാസികൾ ശക്തമായ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. വൈക്കം പോലീസിന്റെ മൂക്കിന് താഴെയാണ് ദിവസേന രാത്രികാലങ്ങളിൽ ഇങ്ങനെ മാലിന്യം തള്ളുന്നത്. ശക്തമായ നടപടിയെടുക്കാൻ നഗരസഭ പോലീസിന് നിർദ്ദേശം നൽകുകയും പ്രദേശവും തോടും മാലിന്യ മുക്തമാക്കി നാടിന് ഉയർത്തുന്ന ആരോഗ്യ ഭീഷണിയടക്കം ഒഴിവാക്കാൻ നടപടിയെടുക്കുകയും ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്.