> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ
- URL: https://www.vaikomvartha.com/manjudevi-dublin/
- Published: 2026-05-20T14:50:09.000Z
- Updated: 2026-05-20T14:50:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, അന്താരാഷ്ട്ര വാര്‍ത്തകൾ

ഡബ്ലിൻ: അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു. അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം.ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത്. ദേശീയ തലത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് മഞ്ജുദേവി ഈ നേട്ടം കൈവരിച്ചത്. നേരത്തെ നടന്ന അയർലാൻ്റ് പാർലെമെൻ്റ് തെരഞ്ഞെടുപ്പിലും മഞ്ജുദേവി മത്സരിച്ചിരുന്നു. 1926 ൽ രൂപീകൃതമായ പാർട്ടിയാണ് ഫ്യാനഫോയ്ൽ പാർട്ടി. പാർട്ടി രൂപീകരണ ശതാബ്ദിയോടനുബന്ധിച്ചാണ് ഇത്തവണ പാർട്ടി തെരഞ്ഞെടുപ്പ് നടത്തിയത്. ഇപ്പോഴത്തെ അയർലാൻ്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് പാർട്ടി പ്രസിഡൻ്റ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/05/1000530082-20.jpg)

പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി ട്രഷറർ, 15 അംഗ ദേശീയ എക്സിക്യൂട്ടീവ് എന്നിവരടങ്ങുന്ന സമിതിയാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. പാർട്ടി അംഗത്വമെടുത്ത് ഒരു വർഷം പൂർത്തിയായവർക്കു മാത്രമേ ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകും. പാർട്ടി ഭരണഘടന അനുസരിച്ച് ഏഴ് വനിതകൾ ഭരണസമിതിയിൽ ഉണ്ടാവണം. അതിലൊരാളായിട്ടാണ് മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടത്. വാശിയേറിയ മത്സരത്തിൽ നാലാം റൗണ്ടിൽ മഞ്ജുദേവി വിജയിച്ചു കയറി. ലഭിച്ചതിൽ 90 ശതമാനം വോട്ടുകളും ഐറിഷുകാരുടേതാണ്. ഇന്ത്യൻ വംശജർക്കു നേരെയുള്ള അക്രമങ്ങൾക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് തനിക്ക് നൽകിയ വോട്ടിലൂടെ ഐറിഷ് ജനത പ്രകടിപ്പിച്ചതെന്ന് മഞ്ജുദേവി പറഞ്ഞു. അത്തരം അക്രമങ്ങൾക്കു പിന്നിൽ ചുരുക്കം ചിലർ മാത്രമാണുള്ളത്. ഇന്ത്യൻ സമൂഹത്തോടുള്ള ആദരവും കരുതലും പ്രകടിപ്പിക്കാനാണ് പരിപൂർണ്ണ പിന്തുണ നൽകിയതെന്നു പാർട്ടി മെമ്പർമാർ പറഞ്ഞതായും മഞ്ജുദേവി ചൂണ്ടിക്കാട്ടി.

നഴ്സിംഗ് പ്രൊഫഷനിലുള്ള തനിക്ക് ലഭിച്ച ഈ അവസരം ദൈവഹിതമാണെന്ന് താൻ കരുതുന്നതായി മഞ്ജുദേവി പറഞ്ഞു. തനിക്ക് ലഭിക്കുന്ന അവസരം സമൂഹ നന്മയ്ക്കായി വിനിയോഗിക്കുമെന്ന് മഞ്ജുദേവി പറഞ്ഞു. ഇന്ത്യൻ സമൂഹത്തിൻ്റെ ഉയർച്ചയ്ക്കായി പരിശ്രമിക്കുമെന്നും മഞ്ജുദേവി വ്യക്തമാക്കി. പാലാ സെൻ്റ് മേരീസ് ഹൈസ്കൂളിലും പാലാ അൽഫോൻസാ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം മഞ്ജുദേവി രാജസ്ഥാനിലെ പിലാനി ബിർള സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നും ഒന്നാം റാങ്കോടെ ജനറൽ നഴ്സിംഗ് പാസായി. തുടർന്നു ഡൽഹി എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനം ചെയ്തു. തുടർന്ന് സൗദി അറേബ്യ റിയാദിലെ കിംഗ് ഫൈസൽ ആശുപത്രിയായിരുന്നു കർമ്മമണ്ഡലം. 2005 ൽ അയർലൻഡിലേയ്ക്ക് കുടിയേറി. ഇപ്പോൾ മാറ്റർ പ്രൈവറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. 2016ൽ ബി.എസ്.സി നഴ്സിംഗും 2022 ൽ സൈക്കോളജിയിൽ ലെവൽ 5 കോഴ്സും പാസായി.

പാലാ വിളക്കുമാടം മണിമന്ദിരത്തിൽ പരേതനായ റിട്ടയേർഡ് ഹവിൽദാർ മേജർ കെ.എം. ബാലകൃഷ്ണൻ്റെയും രാധാമണിയുടെയും മകളാണ്. ഭർത്താവ് ശ്യാം മോഹൻ തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. ദിയ, ശ്രേയ എന്നിവരാണ് മക്കൾ. ചഞ്ചൽ, ഹണി എന്നിവർ സഹോദരങ്ങളാണ്.