> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മറവൻതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം പ്രതിസന്ധിയിൽ; മരുന്നില്ല, ജീവനക്കാർക്ക് ശമ്പളവുമില്ല
- URL: https://www.vaikomvartha.com/maravanthuruth-primary-health-center/
- Published: 2026-06-27T07:56:27.000Z
- Updated: 2026-06-27T07:56:27.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: മറവൻതുരുത്ത് പഞ്ചായത്തിലെ കുടുബാരോഗ്യ കേന്ദ്രത്തിൽ മരുന്ന് ക്ഷാമം രൂക്ഷമായത് നാടിനേയും ശംബളം കിട്ടാത്തത് ജീവനക്കാരെയും വലക്കുന്നു. നാടിന് ആശ്രയമായ ആരോഗ്യ കേന്ദ്രത്തിലാണ് മാസങ്ങളായി ഈ സ്ഥിതി. ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ടും മാസങ്ങളായി. പഞ്ചായത്ത് ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിയാകുന്നത്. 

കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവൻരക്ഷാ ഔഷധങ്ങളുടെ കടുത്തക്ഷാമം നേരിടുന്നതിനൊപ്പം മാസങ്ങളായി ജീവനക്കാരുടെ ശമ്പളവും മുടങ്ങിയതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക് മരുന്നുകൾ എന്നിവയെല്ലാം കടുത്ത ക്ഷാമം നേരിടുന്നതിനാൽ പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാരായ സാധാരണക്കാരായ രോഗികൾക്ക്. ഒരു ഡോക്ടർക്കും, ഒരു ഫാർമസിസ്റ്റിനും രണ്ട് പാലിയേറ്റീവ് നഴ്‌സുമാർക്കും പഞ്ചായത്താണ് ശമ്പളം നൽകേണ്ടത്. കഴിഞ്ഞ ആറുമാസമായി ഇവർക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണ്. എന്നാൽ ഈ സാമ്പത്തികവർഷം 25 ലക്ഷം രൂപയുടെ പ്രോജക്ടാണ് പഞ്ചായത്ത് അംഗീകാരത്തിനായി സമർപ്പിച്ചത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-20.jpg)

ആദ്യ ഗഡുതുക പോലും ലഭ്യമാകാത്തതാണ് പ്രതിസന്ധിയെന്നാണ് പഞ്ചായത്തിൻ്റെ വിശദീകരണം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാനഗഡു രണ്ടു ലക്ഷത്തോളം രൂപ സ്പിൽ ഓവറിൽ നിലനിർത്തിയെങ്കിലും ആ തുകയും ലഭ്യമായില്ല. ഇതോടെ ജനുവരി മുതൽ ഫാർമസിയിലേക്കുള്ള മരുന്നുകളും, പാലിയേറ്റീവ് യൂണിറ്റിനും, ലാബിലേക്കുമുള്ള ആവശ്യസാധനങ്ങളും വാങ്ങാൻ കഴിയാത്ത സ്ഥിതിയായി.  
നിലവിലെ പ്രതിസന്ധി ഭരണസമിതിയുടെ വീഴ്ചയല്ലെന്നും സാങ്കേതികവും ഫണ്ട് സംബന്ധവുമായ ചില തടസ്സങ്ങളാണ് കാരണമെന്നുമാണ് പഞ്ചായത്ത് വിശദീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് പ്ലാൻഫണ്ടുകൾ യഥാ സമയം ലഭ്യമാകാത്തതാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ ഇടയാക്കിയത്. ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേക്ക് കത്തയച്ചിട്ടുണ്ട്. വൈക്കം താലൂക്ക് ആശുപത്രിയിൽ നിന്നും, ഇടയാഴം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും മരുന്ന് എത്തിച്ചും എച്ച്.എം.സി. ഫണ്ടിൽനിന്ന് തുകയെടുത്തുമാണ് പലപ്പോഴും പ്രതിസന്ധി പരിഹരിക്കുന്ന സ്ഥിതിയിലാണ് ഈ കുടുംബാരോഗ്യ കേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നത്.