> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മോദി സർക്കാർ നിഷേധിക്കുന്നത്  തൊഴിലാളി വർഗ്ഗം പൊരുതി നേടിയ അവകാശങ്ങൾ: സി.കെ.ആശ
- URL: https://www.vaikomvartha.com/maydina-rali-vaikom/
- Published: 2026-05-01T12:04:11.000Z
- Updated: 2026-05-01T14:04:34.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: അദ്ധ്വാനിക്കുന്നവൻ്റെ അവകാശങ്ങൾക്കായി അമേരിക്കയിലെ ഷിക്കാഗോയിൽ രക്തസാക്ഷിത്വം വരിച്ചവരോട് നീതി പുലർത്താൻ വീറുറ്റ പോരാട്ടങ്ങൾ തന്നെ വേണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.കെ. ആശ എം.എൽ.എ പറഞ്ഞു.വൈക്കത്ത് എ.ഐ.ടി.യു.സി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മെയ്ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/05/1000528941.jpg)

എ.ഐ.ടി.യു.സി നേതൃത്വത്തിൽ വൈക്കത്ത് നടന്ന മെയ്ദിന റാലി

19-ാം നൂറ്റാണ്ടിൽ അമേരിക്കയിലെയും യൂറോപ്പിലെയും തൊഴിലാളികൾ ദിവസത്തിൽ 12 മുതൽ 16 മണിക്കൂർ വരെയും ചിലപ്പോൾ അതിലേറെ സമയവും വിശ്രമമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരായിരുന്നു. ഇതിനെതിരെ 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യവുമായി തൊഴിലാളികൾ പോരാട്ടം തുടങ്ങി. 1886 മെയ് 1-ന് അമേരിക്കയിലെങ്ങും പണിമുടക്കുകൾ നടന്നു. മെയ് 4ന് ചിക്കാഗോയിലെ ഹേമാർക്കറ്റ് സ്ക്വയറിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെയ്പ്പിൽ നിരവധി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ രക്തസാക്ഷികളുടെ ഓർമ്മയ്ക്കായാണ് 1889 ജൂലൈ 14ന് പാരീസിൽ ചേർന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസ് മെയ് 1 തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തെയാകെ തൊഴിലാളി വർഗ്ഗത്തിനായി അന്ന് അവിടെ രക്തസാക്ഷിത്വം വരിച്ചവർ നേടിത്തന്ന അവകാശങ്ങൾ പോലും ബി.ജെ.പി സർക്കാർ ഇന്ത്യയിൽ നിഷേധിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ രാജ്യമെമ്പാടും നടന്നുവരികയാണെന്നും ആശ പറഞ്ഞു. കച്ചേരിക്കവലയിൽ ചേർന്ന സമ്മേളനത്തിൽ പി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. എം.ഡി. ബാബുരാജ് മെയ്ദിന സന്ദേശം നൽകി. പി. പ്രദീപ്, ഇ.എൻ. ദാസപ്പൻ, ഡി. രഞ്ജിത്ത്കുമാർ, എൻ. അനിൽബിശ്വാസ്, എം.ജി. ഫിലേന്ദ്രൻ, ഡി. ബാബു, എസ്.പി. സുമോദ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന മെയ്ദിന റാലി നടന്നു.