> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഹാദേവക്ഷേത്രത്തിലെ ഗോശാലയുടെ അപര്യാപ്തതകൾ പരിഹരിക്കാൻ ഹൈക്കോടതി ഉത്തരവ്
- URL: https://www.vaikomvartha.com/mhaadeevksseetrttile-gooshaalyutte-apryaapttk-prihrikkaa-haikkoottti-uttrv/
- Published: 2026-03-02T14:26:47.000Z
- Updated: 2026-03-02T14:26:47.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: മഹാദേവക്ഷേത്രത്തിലെ ഗോശാലയുടെ അപര്യാപ്തതകൾ പരിഹരിക്കാൻ ഹൈക്കോടതി ഉത്തരവ്. ക്ഷേ ത്രത്തിലെ ഗോശാലയുടെ പ്രവർത്തനത്തിലും നടയ്ക്കിരുത്തുന്ന പശുക്കളുടെ പരിപാലനത്തിലും ഗുരുതര വീഴ്ചകളുണ്ടെന്ന പരാതിയുമായി കൊച്ചി വെണ്ണല സ്വദേശി എം. മുരളീധരൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഗോശാലയുടെ നവീകരണ ത്തിനും പരിപാലനത്തിനുമാ യി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. തകർന്നുകിടക്കുന്ന ഗോശാല നവീകരിക്കുകയും മുഴുവൻ സമയ പരിപാലകനെയും നിയമിക്കണം. കാളയ്ക്കും പശുവിനും തീറ്റകൊടുക്കുന്നതിന് സൗകര്യം ഒരുക്കണമെന്നും കൃത്യസമയത്ത് തീറ്റനൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. മാലിന്യനിർമാർജനത്തിന് സൗകര്യം ഒരുക്കണം. കൂടാതെ മൂന്ന് മാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സത്യവാങ്മൂലം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. മേയ് 25-ന് കേസ് വീണ്ടും പരിഗണിക്കും. പശുക്കളുടെ പരിപാലനത്തിനായി മാത്രം ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് ഓംബുഡ്‌സ്മാൻ റിപ്പോർട്ട് നൽകണം. എല്ലാ ശിവക്ഷേത്രങ്ങളിലും ഗോശാല പരിപാലനത്തി ന് പ്രത്യേകപദ്ധതി തയ്യാറാക്കണമെന്നും ഉത്തരവിൽ കോടതി നിർദേശമുണ്ട്. ക്ഷേത്രത്തിലെ ഗോശാലയുടെ ദുരവസ്ഥ കാണിക്കുന്ന ചിത്രങ്ങൾ സഹിതമാണ് കോടതിയിൽ പരാതി എത്തിയത്. ഹർജിക്കാരൻ്റെ അഭിഭാഷകനും അഡ്വക്കേറ്റ് കമ്മീഷണറും നൽകിയ റിപ്പോർട്ടുകളിൽ ഗോക്കളുടെ പരിപാലനത്തിൽ ഗുരുതര വീഴ്ചകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്ത് രണ്ട് പശുക്കൾ തീറ്റകിട്ടാതെ ചത്തെന്ന് അഡ്വക്കേറ്റ് കമ്മിഷണർ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. വൈക്കം മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഗോശാല പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞ ജനുവരി ഒമ്പതിന് കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു.. ഗോക്കളെ പരിപാലിക്കാൻ ഒരാളെ നിയമിക്കാമെന്ന് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ജനുവരി 20-ന് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച ഘട്ടത്തിൽ തീറ്റച്ചെലവിനായി ദിവസവും പശു ഒന്നിന് 150 രൂപ നൽകിയിരുന്നത് 250 രൂപയാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നു. നിലവിൽ നാല് കാളയും മൂന്ന് വെച്ചൂർ പശുവുമാണ് വൈക്കം ക്ഷേത്രത്തിലെ ഗോ ശാലയിലുള്ളത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.എസ്. വിഷ്‌ണു പറഞ്ഞു.