> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഞ്ഞുമലകൾ കീഴടക്കി വെച്ചൂരിന്റെ അശ്വിൻ
- URL: https://www.vaikomvartha.com/mnynyumlk-kiilllttkki-veccuurinrre-ashvi/
- Published: 2026-03-17T02:21:06.000Z
- Updated: 2026-03-17T02:21:06.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വെച്ചൂർ**:** പ്രതികൂല കാലാവസ്ഥയെയും അതികഠിനമായ പാതകളെയും അതിജീവിച്ച് ഉത്തരാഖണ്ഡിലെ കേദാർഖണ്ഡ് **(**12,500 **അടി**) കീഴടക്കി വെച്ചൂർ സ്വദേശി അശ്വിൻ കെ. എസ്. വെച്ചൂർ കാട്ടേഴത്ത് സിബുവിന്റെ മകനായ അശ്വിൻ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12,500 അടി ഉയരത്തിലുള്ള പ്രദേശം കീഴടക്കിയാണ് നാടിന് അഭിമാനമായത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/03/1000473751.jpg)

ഋഷികേശ്, ഡെറാഡൂൺ വഴി മഞ്ഞുമൂടിയ മലനിരകളിലൂടെയായിരുന്നു യാത്ര. മൈനസ് 16 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന അതികഠിനമായ തണുപ്പിനെ അവഗണിച്ചുകൊണ്ട് മൂന്ന് ദിവസത്തെ സാഹസിക യാത്രയ്ക്കൊടുവിലാണ് അശ്വിൻ ലക്ഷ്യസ്ഥാനത്ത് എത്തിയത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/03/1000473066-4.jpg)

സാഹസിക യാത്രകളിൽ ഏറെ താല്പര്യമുള്ള അശ്വിൻ മുൻപും നിരവധി ശ്രദ്ധേയമായ യാത്രകൾ നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് മംഗളൂരുവിലേക്കും തിരിച്ചും നടത്തിയ സോളോ സൈക്കിളിങ് യാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ഡെക്കാത്ത്‌ലോണും നേവൽ ബേസും സംയുക്തമായി സംഘടിപ്പിച്ച ഹില്ലി സൈക്കിളിങ്ങിലും അശ്വിൻ പങ്കെടുത്തിട്ടുണ്ട്. അടിമാലി, മൂന്നാർ, വട്ടവട തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലൂടെയുള്ള അഡ്വഞ്ചർ സൈക്കിളിങ് യാത്രകളും ഈ യുവാവ് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ബി.എസ്.സി. അഗ്രികൾച്ചർ ബിരുദധാരിയാണ്. സഹോദരി നിള.