> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേവിയുടെ മടങ്ങിവരവിനായി വില്ലൊരുക്കി കാത്തിരിക്കുന്നു വണികവൈശ്യർ
- URL: https://www.vaikomvartha.com/mutharaman-vilpattu-moothedathu-kavu/
- Published: 2026-04-20T11:24:36.000Z
- Updated: 2026-04-20T11:24:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: വിഷുമഹോത്സവം കഴിഞ്ഞ് മൂത്തേടത്തുകാവിലമ്മ പാണ്ഡ്യ ദേശത്തേക്ക് യാത്രയായി. കാവിൽ നടയടച്ചു, ഇനി ദേവി തിരികെയെത്തും വരെ ക്ഷേത്രത്തിന് കാവൽ ദേവിയുടെ ഭൂതഗണങ്ങളാണെന്നാണ് വിശ്വാസം. കണ്ണകിയുടെ കോപാഗ്ന്നിയിൽ മധുരാപുരി കത്തിയെരിയുന്നതിൻ്റെ പ്രതീകമായ എരിതേങ്ങയും കണ്ട് തീയാട്ടും വലിയ ഗുരുതിയും കഴിഞ്ഞ് ദേവിക്കൊപ്പം നടയിറങ്ങിയ ഭക്തരുടെ മനസ്സിൽ ദിവസങ്ങളോളം മുഴങ്ങുന്ന ഒന്നുണ്ട്, വണികവൈശ്യരുടെ വിൽപ്പാട്ടിൻ്റെ താളം. 

0:00 

/0:41 

1× 

തമിഴ് ആചാരങ്ങൾ പിന്തുടർന്ന് ജീവിക്കുന്ന വൈക്കത്തെ വണികവൈശ്യർ തമിഴ് ദേവതയായ കണ്ണകി ദേവിയെ വിൽപ്പാട്ടോടുകൂടി മൂത്തേടത്തുകാവിൽ കുടിയിരുത്തി എന്നാണ് ഐതീഹ്യം. അതിനിലാണ് ഈ ക്ഷേത്രത്തിൽ വിൽപ്പാട്ടിന് ഇത്രയധികം പ്രാധാന്യം കൈവന്നത് 'തമിഴിൽ മുത്ത് എന്നാൽ വസൂരി മുത്ത് എന്ന അസുഖം മാറ്റിയ അമ്മ അതാണ് മുത്തേടത്തു കാവിലമ്മ എന്നതായി വിൽപ്പാട്ടിൽ പരാമർശ്ശിക്കുന്നുണ്ട്. പൗരാണികമായ വില്ല്, വീശുകോൽ, കുടം, ഗഞ്ചിറ, ഇലത്താളം എന്നിവയാണ് വിൽപ്പാട്ടിന് ഉപയോഗിക്കുന്നത്. തലമുറതലമുറയായി കൈമാറി വരുന്നതാണ് വില്ല്. കരിമ്പന കൊണ്ടാണ് വില്ല് ഉണ്ടാക്കിയിരിക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000511764.jpg)

കരിമ്പനയിൽ ഭദ്രകാളി കുടികൊളളുന്നു എന്നാണ് വിശ്വാസം. നവഗ്രഹങ്ങളെ സങ്കൽപ്പിച്ച് ഒൻപത് വെള്ളോട്ട് മണികൾ വില്ലിൽ ഉപയോഗിക്കുന്നു. കാലത്തിൻ്റെ മാറ്റങ്ങളിൽ തനിമ നഷ്ടമാവാതെ പൗരാണിക ആചാരങ്ങൾ ഇന്നും കാത്തുസൂക്ഷിക്കുന്നവരാണ് ഇവർ. ആധുനിക കാലഘട്ടത്തിലും ക്ഷേത്രങ്ങളിലും കാവുകളിലും മണ്ഡലമകരവിളക്കിനും ഉത്സവങ്ങളിലും വിൽപ്പാട്ട് ഒഴിവാക്കാനാവാത്ത ഒന്നായി നിലനിൽക്കുന്നു. തമിഴ്, മലയാളം ഭാഷകളുടെ മിശ്രിതമായ ചെന്തമിഴ് ഭാഷയാണ് ഇതിൻ്റെ വരികൾ. വണിക വൈശ്യ സമുദായം 27 നമ്പർ വൈക്കം ശാഖയിലെ മുത്താരമ്മൻ വിൽപ്പാട്ട് കലാകാരൻമാരാണ് വിൽപ്പാട്ട് ആചാര അനുഷ്ഠാനത്തോടെ നടത്തുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് വൈശ്യരെ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് എണ്ണ നൽകുന്നതിനായി മധുരയിൽ നിന്നും വൈക്കം ദേശത്തേക്ക് മഹാരാജാവ് ക്ഷണിച്ചു വരുത്തുകയും വൈക്കം മഹാദേവ ക്ഷേത്രത്തിൽ ചിങ്ങം1 ന് പ്രാതൽ കൽപ്പിച്ച് അനുവദിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. തമിഴ് ദേവതയായ കണ്ണകി ദേവിയെ വൈക്കം ദേശത്തേക്ക് വന്ന വണിക വൈശ്യരുടെ പൂർവികരാൽ മൂത്തേടത്തു കാവിൽ വിൽപ്പാട്ട് പാടി കുടിയിരുത്തി എന്നും ഐതീഹ്യമുണ്ട്. വൈക്കം പോലെ ഒരു മധ്യകേരളദേശത്ത് കണ്ണകി പ്രതിഷ്ഠ ഉണ്ടായതും ഇങ്ങനെയാണന്നാണ് വണികവൈശ്യർ വിശ്വസിച്ചു വരുന്നത്. മൂത്തേടത്തുകാവ് ഭഗവതിയെ വൈക്കത്തപ്പൻ്റെ മകളായി സങ്കൽപ്പിക്കുന്നതിനെക്കുറിച്ച് ഐതീഹ്യ കഥകൾ വിൽപ്പാട്ടിൽ പരാമർശിക്കുന്നുണ്ട്. വണികവൈശ്യരുടെ വിൽപാട്ടിന്റെ അകമ്പടിയോടെയാണ് കണ്ണകി ദേവി മധുരയിലേക്ക് പോകുന്നത്. ദേവിയുടെ ജനനം, കണ്ണകി കോവിലൻ വിവാഹം, പാണ്ഡ്യരാജാവിന്റെയും ചിലമ്പിന്റെയും വർണ്ണന എന്നിവ വിൽപ്പാട്ടിലുടെ അവതരിപ്പിക്കും. മാനായ്ക്കൻ ചെട്ടിയാരുടെ മകളായ കണ്ണകിയും മാച്ചോത്തുവാൻ ചെട്ടിയാരുടെ മകനായ കോവലനും വണിക വൈശ്യകുലത്തിൽ പിറന്നവരാണ്. കണ്ണകി ദേവിയുടെ മുൻ ജന്മം അൻപി പെരിയാൾ എന്ന ഭഗവതിയാണെന്നാണ് വിശ്വാസം. അൻപി പെരിയാൾ ഭഗവതിയുടെ കഥകളും സ്തുതികളും മൂത്തേടത്തുകാവിൽ പാടാറുണ്ട്. വിഷുനാൾ അർദ്ധ രാത്രിയിൽ നടക്കുന്ന അരിയേറിന് ശേഷമാണ് മൂത്തേടത്ത് ഭഗവതിയുടെ പുറപ്പാട്. ഭർത്താവായ കോവിലന്റെ സമീപത്തേക്ക് പോകുവാൻ സർവ്വാഭരണഭൂഷിതയായി ഒരുങ്ങിയിരിക്കുന്ന കണ്ണകി ഭാവത്തിലാണ് ദേവി വിഷുനാളിൽ ഭക്തർക്ക് അനുഗ്രഹം ചൊരിയുക. ഈ ദിവസം കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും വണിക വൈശ്യർ ദർശനത്തിനായി ഇവിടെ എത്തിച്ചേരാറുമുണ്ട്. ആചാരങ്ങൾ മുറതെറ്റാതെ പാലിച്ച് ഈ വിഷുനാളിലും ക്ഷേത്രത്തിൽ വിൽപ്പാട്ട് ഭക്തിനിർഭരമായി നടന്നു. കർക്കിടകം 1 ന് മൂത്തേടത്തുകാവിൽ തിരിച്ചെത്തുന്ന ഭഗവതിയുടെ നടതുറപ്പ് ദിവസവും വിൽപ്പാട്ട് നടത്തും. തുടർന്ന് ക്ഷേത്രത്തിൽ പതിവ് പൂജകളും ദർശനവും പുനരാരംഭിക്കും. കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന നാടൻ കലാരൂപത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്നാണ് വിൽപ്പാട്ട്. അന്യംനിന്ന് പോകാതിരിക്കുന്നതിനും പുതു തലമുറയ്ക്ക് വിൽപ്പാട്ട് പഠിപ്പിക്കുന്നതിനും ആചാര്യൻ വൈക്കം മഹാദേവൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ആചാര അനുഷ്ഠാന കലയായ വിൽപ്പാട്ടിൽ 30 വർഷത്തോളമായി സജീവമാണ് ആചാര്യൻ വൈക്കം മഹാദേവൻ. വിഷ്ണു വേണു, ഫോക് ലോർ അക്കാദമി യുവ പുരസ്കാര ജേതാവ് രാഹുൽ ബാബു, സതീഷ് ചന്ദ്രൻ, പ്രവീൺ പ്രകാശ്, നിഷാദ്, രാജേഷ്, വിജയൻ വിൽപ്പാട്ട് പുലവർമാരായ പൊന്നപ്പൻ ചെട്ടിയാർ, സോമശേഖരൻ തുടങ്ങിയ കലാകാരൻമാരാണ് വിൽപ്പാട്ടിന് ഒപ്പം പങ്കെടുക്കുന്നത്. മുത്താരമ്മൻ വിൽപ്പാട്ട് സംഘത്തിന് ഗുരുവായൂർ ദേവസ്വം, കൊടുങ്ങല്ലൂർ, ആറ്റുകാൽ, കാളിയമ്മ നട, തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിലും ഓൾ ഇന്ത്യാ റോഡിയോയിൽ നിന്നുമായി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്തുപാട്ട് എന്ന ചടങ്ങ് ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനാണ് നടത്തുന്നത്. വൈക്കം ക്ഷേത്രത്തിന്റെ വടക്കേമുറ്റത്ത് നടക്കുന്ന കളമെഴുത്തും പാട്ടും കഴിഞ്ഞാൽ, മൂത്തേടത്തുകാവിൽ പ്രത്യേക ചടങ്ങുകൾ ഉണ്ടാകാറുണ്ട്. ഈ സമയങ്ങളിലും വണികവൈശ്യരുടെ മുത്താരമ്മൻ വിൽപ്പാട്ട് പ്രധാനമാണ്.