> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്റ്റോപ്പ് മെമ്മോ വിവാദം: സ്റ്റേഡിയത്തിന് സ്ഥലം അളന്നു
- URL: https://www.vaikomvartha.com/nagarasabha-news-vaikom/
- Published: 2026-07-29T09:59:32.000Z
- Updated: 2026-07-29T09:59:32.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: വൈക്കം വെസ്റ്റ് മടിയത്തറ സ്കൂളിൽ രണ്ടുകോടിയുടെ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലം ഔദ്യോഗികമായി അളന്ന് തിരിച്ചു. സ്റ്റേഡിയം നിർമ്മാണത്തിന് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നീക്കം നടന്നതോടെ വൈക്കം നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലമാണ് റവന്യൂ അധികൃതർ അളന്നുതിരിച്ചത്. 

മാനദണ്ഡം പാലിക്കാതെ സ്ഥലം അളന്നുതിരിച്ചതിൽ അന്ന് പ്രദേശവാസികളിൽ നിന്ന് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് നഗരസഭാ സ്റ്റോപ്പ് മെമ്മൊ നൽകിയത് എന്നായിരുന്നു വിശദീകരണം. ഇത് ഇടതുസംഘടനകളുടെ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. തുടർന്നുള്ള നഗരസഭയുടെ നീക്കത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം റവന്യൂ വിഭാഗം സ്ഥലം അളന്നുതിരിച്ചത്. വില്ലേജ് രേഖ പ്രകാരം അളന്ന് തിരിച്ച് സ്ഥലത്ത് നഗരസഭ ആവശ്യപ്പെട്ട പ്രകാരമുള്ള ഭേദഗതികൾ വരുത്തിയുള്ള ശുപാർശ പ്രകാരമാകും ആവും റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകുന്നത്. പ്രദേശത്തെ മൂന്നു വീട്ടുകാർക്ക് വഴി നൽകിയശേഷം സ്ഥലത്തിൻ്റെ രണ്ടു ഭാഗത്തായുള്ള റോഡുകളിൽ നിന്ന് ഒരു മീറ്റർ സ്ഥലം കൂടി ഒഴിവാക്കണമെന്നാണ് നഗരസഭയുടെ നിർദ്ദേശം. പ്രദേശവാസികളുടെ ആവശ്യപ്രകാരവും സ്റ്റേഡിയം വരുമ്പോൾ ഗതഗത സൗകര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് റോഡിൽനിന്ന് ഒരു മീറ്റർ സ്ഥലം കൂടി ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് സ്പോർട്സ് അതോറിറ്റിക്ക് വിട്ടു നൽകണമെന്ന് ആവശ്യം നഗരസഭ ഉന്നയിക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-82.jpg)

മൂന്നു വീട്ടുകാർക്ക് വഴികൾ കൊടുത്താലും കയ്യേറ്റ ഭൂമി തിരിച്ചെടുക്കുന്നതിലൂടെ കൂടുതൽ സ്ഥലം സ്കൂളിന് ലഭ്യമാകുമെന്ന് നഗരസഭ ചെയർമാൻ അബ്ദുസ്സലാം റാവുത്തർ പറഞ്ഞു. ഈ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി എത്രയും വേഗം സ്റ്റേഡിയം നിർമ്മാണം ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം. എന്നാൽ അതിർത്തി നിശ്ചയിച്ചുള്ള റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് നൽകി വിദ്യാഭ്യാസ വകുപ്പ് വീട്ടുകാർക്കുള്ള വഴിക്കും റോഡിനായും സ്ഥലം വിട്ടു നൽകാനുള്ള തീരുമാനവുമെടുത്തുള്ള തീരുമാനമൊക്കെ വരുന്ന മുറക്ക് മാത്രമെ സ്റ്റേഡിയം പണി തുടങ്ങാനാവൂ. അതിനായി കാത്തിരിക്കാതെ ഇനി നടപടികൾ വേഗത്തിലാക്കാനുള്ള ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടായാൽ മാത്രമെ ഈ സ്കൂളിൽ സ്റ്റേഡിയം എന്ന സ്വപ്നം ഉടനെ സാധ്യമാകൂ. നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ, വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി. രാജശേഖരൻ, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഡി. രഞ്ജിത് കുമാർ, നഗരസഭ അംഗങ്ങളായ കെ.എൻ മാധുരി, വിജിമോൾ, എം.ആർ അനിൽകുമാർ എന്നിവരും സ്കൂൾ അധികൃതരും നഗരസഭാ ഉദ്യോഗസ്ഥരും പ്രശ്ന പരിഹാരത്തിന് എത്തിയിരുന്നു.