> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നഗരസഭ മുറ്റത്ത് ബാഡ്മിന്റൺ കളിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധം; പ്രവർത്തകർക്കെതിരെ പരാതിയുമായി ചെയർമാൻ
- URL: https://www.vaikomvartha.com/nagarasabhayil-dyfi-prathishedam/
- Published: 2026-05-11T13:49:25.000Z
- Updated: 2026-05-11T13:49:25.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: വൈക്കം നഗരസഭ മുറ്റത്ത് ഷട്ടിൽ ബാറ്റ്മിൻ്റൻ കളിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധം. വൈക്കം വെസ്റ്റ് മടിയത്തറ സ്കൂളിൽ ഇടതുസർക്കാർ അനുവദിച്ച രണ്ടുകോടിയുടെ സ്റ്റേഡിയം നിർമ്മിക്കുന്നതിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരെ വൈക്കം ടൗൺ ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. നഗരസഭ കവാടത്തിൽ പ്രതിഷേധ ബാനർ പിടിച്ചായിരുന്നു ഓഫീസിന് മുറ്റത്ത് ഷട്ടിൽ ബാഡ്മിൻ്റൺ കളിച്ചത്. വൈകിട്ട് നാലുമണിയോടെ ആയിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുന്നറിയിപ്പില്ലാതെ ഓഫീസിലെത്തി പ്രതിഷേധിച്ചത്. 

0:00 

/1:49 

1× 

നഗരസഭക്കു മുൻമ്പിൽ നടന്ന പ്രതിഷേധം വൈക്കം ബ്ലോക്ക്‌ സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു.‌ ഡി.വൈ.എഫ്.ഐ ടൗൺ സൗത്ത് മേഖല പ്രസിഡന്റ്‌ ആരോമൽ തമ്പി അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് പ്രസിഡന്റ് എച്ച്.ഐ റോഹൻ, ബ്ലോക്ക്‌ ട്രഷറർ സിബി ബാബു, ബ്ലോക്ക്‌ വൈസ് പ്രസിഡൻ്റുമായ പി.ജെ. വിനീഷ്, ആജിഷ ഉദയകുമാർ, ജോയിന്റ് സെക്രട്ടറി അലീന റെജി, വൈക്കം ടൗൺ സൗത്ത് മേഖല സെക്രട്ടറി ഹരിക്കുട്ടൻ, നോർത്ത് മേഖല സെക്രട്ടറി മിഥുൻ മോഹൻ, എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കിരൺ കൃഷ്ണ എന്നിവർ പങ്കെടുത്തു

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/05/1000530082-7.jpg)

അതേസമയം നഗരസഭയിൽ അതിക്രമിച്ച് കയറി ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഓഫിസ് മുറ്റത്ത് ഷട്ടിൽ ബാറ്റ്മിൻ്റൻ കളിച്ച് നടത്തിയ പ്രതിഷേധത്തിനെതിരെ പരാതിയുമായി നഗരസഭ ചെയർമാൻ പോലിസിനെ സമീപിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭാ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ഷട്ടിൽ ബാഡ്മിൻറൺ കളിച്ച് പ്രതിഷേധിച്ചെന്നും ഇതുമൂലം നഗരസഭയിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കാതെ വരുകയും ഓഫീസ് പ്രവർത്തനത്തെ തടസ്സപ്പെടുകയും ചെയ്തെന്നാണ് നഗരസഭാ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ പരാതിയിൽ പറയുന്നത്. പ്രതിഷേധക്കാർ നോട്ടീസ് തരുകയോ മൂൻകൂർ അനുമതി തേടുകയോ ചെയ്യാതെയാണ് പ്രതിഷേധിച്ചതെന്നും ചെയർമാൻ പറയുന്നു. നഗരസഭാ ഓഫീസിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന തരത്തിൽ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നുമാണ് വൈക്കം എസ്.എച്ച്.ഒയ്ക്ക് നൽകിയ പരാതി.