> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ട്രാഫിക് ഫൈൻ അടച്ചില്ലെങ്കിൽ ഇനി വീട്ടിലെ കറന്റ് പോകും! ഇ-ചലാൻ കുടിശ്ശിക പിരിക്കാൻ സുപ്രീംകോടതിയുടെ പുതിയ നിർദേശങ്ങൾ
- URL: https://www.vaikomvartha.com/national-news-3/
- Published: 2026-09-28T13:29:18.000Z
- Updated: 2026-09-28T13:29:18.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ന്യൂഡൽഹി: ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന ഇ-ചലാൻ തുക പിരിച്ചെടുക്കാൻ കർശനവും വേറിട്ടതുമായ നടപടികൾ നിർദേശിച്ച് സുപ്രീംകോടതി. കേവലം ഇ-ചലാനുകൾ നൽകുന്നതിൽ മാത്രം നടപടികൾ ഒതുക്കാതെ, പിഴത്തുക ഫലപ്രദമായി ഈടാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.

​**കോടതി മുന്നോട്ടുവെച്ച പ്രധാന മാർഗങ്ങൾ:**

- ​**വൈദ്യുതി ബില്ലിനൊപ്പം ട്രാഫിക് പിഴയും:** അടയ്‌ക്കാത്ത ട്രാഫിക് പിഴകൾ വാഹന ഉടമയുടെ വൈദ്യുതി ബില്ലിനൊപ്പം ഉൾപ്പെടുത്തുക. ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നതിനാൽ വേഗത്തിൽ പിഴ ഈടാക്കാൻ ഇത് സഹായിക്കും.
- ​**ആർ.സി (RC) സേവനങ്ങൾ തടയും:** കുടിശ്ശിക തീർക്കാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുക, ഡ്യൂപ്ലിക്കേറ്റ് ആർ.സി അനുവദിക്കുക, ഉടമസ്ഥാവകാശം കൈമാറുക എന്നിവ അനുവദിക്കില്ല. പരിവാഹൻ പോർട്ടലിൽ ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.
- ​**ലൈസൻസും സർട്ടിഫിക്കറ്റുകളും റദ്ദാക്കും:** കുടിശ്ശികക്കാരുടെ വാഹനങ്ങളുടെ ഫിറ്റ്‌നസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുക, ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകാതിരിക്കുക, നിലവിലുള്ള ലൈസൻസുകൾ റദ്ദാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുക.
- ​**വാഹനം പിടിച്ചെടുക്കൽ:** മിന്നൽ പരിശോധനകളിൽ പിഴയടക്കാത്ത വാഹനങ്ങൾ കണ്ടെത്തിയാൽ, നിയമനടപടികൾ സ്വീകരിച്ച് വാഹനം പിടിച്ചെടുക്കുന്ന കാര്യവും പരിഗണിക്കണം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016-17.jpg)

**എന്തുകൊണ്ട് ഈ കർശന നടപടി?**

രാജ്യത്താകെ ഇ-ചലാൻ വഴി 45,000 കോടി രൂപയോളം പിഴ പിരിച്ചെടുക്കാനുണ്ടെന്നും, എന്നാൽ ഇതുവരെ 25,000 കോടി രൂപ മാത്രമാണ് ഈടാക്കാനായതെന്നും അധികൃതർ കോടതിയെ അറിയിച്ചിരുന്നു. 2012-ൽ ഡോ. എസ്. രാജശേഖരൻ സമർപ്പിച്ച റോഡ് സുരക്ഷാ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.