> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ
- URL: https://www.vaikomvartha.com/navakumaran-nair-yoga/
- Published: 2026-06-21T02:48:54.000Z
- Updated: 2026-06-21T02:48:54.000Z
- Author:  Vaikom Vartha News Desk
- Tags: Main News

കോതനല്ലൂർ: യോഗ പരിശീലനവും പഠിപ്പിക്കലും സ്വന്തം ജീവിതചര്യയാക്കി മാറ്റി മാതൃകയാവുകയാണ് സംസ്ഥാന സഹകരണ റബർ മാർക്കറ്റിങ് ഫെഡറേഷനിലെ മാനേജരും കോതനല്ലൂർ സ്വദേശിയുമായ നവകുമാരൻ നായർ. ഇതിനോടകം നൂറുകണക്കിന് ആളുകളാണ് ഇദ്ദേഹത്തിൽ നിന്നും യോഗ പരിശീലനം നേടിയിട്ടുള്ളത്.

ആദ്യത്തെ അന്താരാഷ്‌ട യോഗാ ദിനമായ 2015 ജൂൺ 21 മുതൽ ഇതുവരെ എല്ലാ ദിവസവും സൗജന്യ യോഗാ പരിശീലനം നൽകുന്നുണ്ട് നവകുമാരൻ നായർ. കോതനല്ലൂർ ക്ഷേത്രത്തിലെ യോഗ ഹാളിൽ കുട്ടികൾ മുതൽ വാർദ്ധക്യത്തിലെത്തിയവർ വരെ ദിവസേന പരിശീലനത്തിനായി എത്തുന്നു. മനുഷ്യന്റെ ശരീരം, മനസ്സ്, ആത്മാവ് ഇവ മൂന്നും ഒത്തുചേർന്ന് പ്രവർത്തിച്ച് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കഴിവ് സ്വായത്തമാക്കാൻ യോഗയിലൂടെ സാധിക്കുമെന്ന് നവകുമാരൻ നായർ പറയുന്നു. മാനസിക സമ്മർദ്ദം, ശാരീരിക അസ്വസ്ഥതകൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവയെ അതിജീവിക്കാൻ നിത്യേനയുള്ള യോഗ പരിശീലനം കൊണ്ട് സാധിക്കും.

കോതനല്ലൂർ, മാഞ്ഞൂർ, കുറുപ്പന്തറ, കടുത്തുരുത്തി, കാണക്കാരി, ഏറ്റുമാനൂർ തുടങ്ങിയ സമീപസ്ഥലങ്ങളിൽ നിന്നും, ഇടപ്പള്ളി, മുളന്തുരുത്തി തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്നും നിരവധി പേർ ഇവിടെ യോഗ അഭ്യസിക്കാൻ എത്തുന്നുണ്ട്. പലയിടത്തും വലിയ തുക ഫീസ് നൽകി യോഗ പരിശീലനം നൽകുമ്പോൾ ഇവിടെ തികച്ചും സൗജന്യമായാണ് യോഗ പരിശീലിപ്പിക്കുന്നത്. യോഗയോടൊപ്പം മോട്ടിവേഷൻ ക്ലാസുകളും ഇദ്ദേഹം നടത്തുന്നുണ്ട്.

വി.എച്ച്.എസ്.ഇ മുൻ ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻ നായരുടെ സഹോദരനാണ് എസ്. നവകുമാരൻ നായർ. അധ്യാപികയായ ഭാര്യ രശ്മി സഹായത്തിനായി കൂടെയുണ്ട്. മക്കൾ: സിദ്ധാർത്ഥ് (കാനഡ), മീനാക്ഷി (വിദ്യാർത്ഥി).