> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നെഹ്റു ട്രോഫിക്ക് ഇനി മണിക്കൂറുകൾ: കോട്ടയം ജില്ലയിൽ നിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങൾ
- URL: https://www.vaikomvartha.com/neharu-trophy-boat-race-4/
- Published: 2026-08-21T01:48:44.000Z
- Updated: 2026-08-27T20:22:25.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Alappuzha

ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിംമ്പിക്സിന് കോട്ടയം ജില്ലയിൽ നിന്ന് ഇക്കുറി അഞ്ച് ജലരാജക്കന്മാരാണ് പുന്നമടയിൽ കിരീടപ്പോരിന് അങ്കം കുറിക്കാൻ പരിശീലനം നടത്തി വരുന്നത്. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ (കെ.ടി.ബി.സി) പുണ്യാളൻ നിരണം, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പൂക്കര, നാട്ടകം ബോട്ട് ക്ലബ്ബിന്റെ ചെറുതന, കെ.ടി.ബി.സി ഫാൻസ് ക്ലബ്ബിന്റെ ശ്രീവിനായകൻ, നാട്ടകം ഫാൻസ് ക്ലബ്ബിന്റെ ജവഹർ തായങ്കരി എന്നിവയാണ് ജില്ലയിൽ നിന്ന് മത്സരിക്കുക. ഇതിൽ രണ്ട് ചുണ്ടനുകൾ അടുത്തിടെ പുതുതായി നീരണിഞ്ഞവയാണെന്നതും പ്രത്യേകതയാണ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660427-8.jpg)

കുമരകം ടൗൺ ബോട്ട് ക്ലബ്ബ് (കെ.ടി.ബി.സി) നെഹ്റു ട്രോഫിയിൽ 2005, 2006, 2007 വർഷങ്ങളിൽ തുടർച്ചയായി ജേതാക്കളായി ഹാട്രിക് നേടിയിട്ടുള്ള ടീമാണ്. ഈ വർഷം പത്തനംതിട്ട ജില്ലയിൽ നിന്നും പുതുതായി പണിതിറക്കിയ പുണ്യാളൻ നിരണം ചുണ്ടനിലാണ് ടീം തുഴയെറിയുക. ക്യാപ്റ്റൻ റെന്നി ഫിലിപ്പോസ്.

കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബ്  
രണ്ടാം തവണയാണ് നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ ശ്രദ്ധേയമായ പ്രകടനം നടത്തിയ ടീം ആദ്യ അവസരത്തിൽ തന്നെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഇടം നേടിയിരുന്നു. ഈ മാസം രണ്ടിന് നീരണിഞ്ഞ ആർപ്പൂക്കര ചുണ്ടനിലാണ് ഇത്തവണ ക്ലബ്ബ് മത്സരിക്കുക. ബൈജു മാതിരമ്പുഴയാണ് ക്യാപ്റ്റൻ . ഒന്നാം അമരത്ത് ജീഫി ഫിലിക്സും ഒന്നാം തുഴയെറിയുന്നത് അനുമോൻ കുമരകവുമാണ്. അനുജിത്ത് കൈനകരിയാണ് കോച്ച്.

നാട്ടകം ബോട്ട് ക്ലബ്ബ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും നെഹ്റു ട്രോഫി മത്സരത്തിനെത്തുന്നത്. 2004ൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബ് നെഹ്റുട്രോഫി നേടിക്കൊടുത്ത ചെറുതന ചുണ്ടനിലാണ് ഇത്തവണ നാട്ടകം ബോട്ട് ക്ലബ്ബ് മത്സരിക്കുന്നത്. ക്യാപ്റ്റൻ കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000667989-8.jpg)

നാട്ടകം ഫാൻസ് ബോട്ട് ക്ലബ്ബ്  
നാട്ടകം ബോട്ട് ക്ലബ്ബുമായി സഹകരിച്ച് അഞ്ച് തവണ നെഹ്റു ട്രോഫി നേടിയിട്ടുള്ള ജവഹർ തായങ്കരി ചുണ്ടനിലാണ് മത്സരിക്കുന്നത്. ക്യാപ്റ്റൻ വി.വി. സന്തോഷ്.

കെ.ടി.ബി.സി ഫാൻസ് ക്ലബ്ബ് കുമരകം ഇതുവരെ നെഹ്റു ട്രോഫിയിൽ വിജയം നേടിയിട്ടില്ലാത്ത കരുവാറ്റാ ശ്രീവിനായകൻ ചുണ്ടനിലാണ് ഇത്തവണ മത്സരിക്കുന്നത്. ക്യാപ്റ്റൻ അനന്തു കാർത്തികേയൻ, ദേവസ്വംചിറ.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666558-12.jpg)

പരിശീലന തുഴച്ചിൽ ഇന്നോ നാളെയോ പൂർത്തിയാക്കി എല്ലാ കളിവള്ളങ്ങളും കരയ്ക്ക് കയറ്റും. വള്ളപ്പുരകളിൽ പടങ്ങുകളിൽ കയറ്റി വെച്ച് വൈദ്യുതി യന്ത്രങ്ങൾ ഉപയോഗിച്ച് ഉണക്കും. തടിക്ക് കേടുകൂടാതെ വേണം ഉണക്കു കൊടുക്കാൻ. ഉണങ്ങിയതിനു ശേഷം പോളീഷ് ഉപയോഗിച്ച് പോളീഷ് ചെയ്യും. പൊളീഷ് ചെയ്യുന്നതിലൂടെ ഓരോ തുഴയെറിയുമ്പോഴും വള്ളം വെള്ളത്തിലുടെ തെന്നി പായും. മത്സരദിനം പുലർച്ചെ വീണ്ടും നീറ്റിലിറക്കി പുന്നമട ലക്ഷ്യമാക്കി അങ്കത്തിന് പുറപ്പെടും.

അവസാന ഘട്ടത്തിലേക്ക് കടന്ന അഞ്ച് ടീമുകളും മികച്ച പ്രതീക്ഷയിലാണ്. വർഷങ്ങളായി കോട്ടയം ജില്ലയ്ക്ക് അകന്നു നിൽക്കുന്ന നെഹ്റു ട്രോഫി കിരീടം ഇത്തവണ സ്വന്തമാക്കാനുള്ള കഠിന പരിശീലനത്തിലാണ് ടീമുകൾ.