> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജലരാജാവിനെ ഇന്നറിയാം
- URL: https://www.vaikomvartha.com/nehru-trophy-boat-race-2026/
- Published: 2026-08-22T02:41:41.000Z
- Updated: 2026-08-24T08:53:40.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Alappuzha

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ഉച്ച കഴിഞ്ഞ് 2ന് പുന്നമടക്കായലിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സഹകരണ-എക്സൈസ് മന്ത്രി എം. ലിജു അദ്ധ്യക്ഷനാവും. കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ മുഖ്യാതിഥിയാകും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പതാക ഉയർത്തും. മുഖ്യപ്രഭാഷണവും  
സ്മരണിക പ്രകാശനവും കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും.  
കൊടിക്കുന്നിൽ സുരേഷ് എം.പി മാധ്യമ അവാർഡുകൾ വിതരണം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വിശിഷ്ടാതിഥികൾക്കുള്ള മൊമെന്റോകൾ വിതരണം ചെയ്യും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660427-10.jpg)

എം.എൽ.എമാരായ എ.ഡി. തോമസ്, ജി. സുധാകരൻ, റെജി ചെറിയാൻ, പി. പ്രസാദ്, സജി ചെറിയാൻ, എം.എസ്. അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാ അദ്ധ്യക്ഷ മോളി ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും. വിജയികൾക്കുള്ള സമ്മാനദാനം കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ നിർവഹിക്കും. ജില്ലാ കളക്ടറും എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാനുമായ ഷാജി വി. നായർ സ്വാഗതവും എൻ.ടി.ബി.ആർ സെക്രട്ടറിയും ആർ.ഡി.ഒയുമായ ജെ. മോബി നന്ദിയും പറയും. വള്ളംകളിക്കായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും ലോകം ഉറ്റുനോക്കുന്ന ഈ ജല മാമാങ്കത്തിൻ്റെ പരിപൂർണ്ണ വിജയത്തിന് എല്ലാവരുടെയും സഹായസഹകരണവും പിന്തുണയും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000667989-10.jpg)

### വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ

ഇന്ന് പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങൾ.

ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്.

ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666558-14.jpg)

**രാവിലെ 11-ന് മത്സരങ്ങൾ ആരംഭിക്കും**

ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക.

ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്‌സുകളിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. സമയക്രമം പൊതുജനത്തിന് കാണാനാവുംവിധം സ്‌ക്രീനിൽ പ്രദർശിപ്പിക്കും.