> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നേരേകടവ് മാക്കേ കടവ് പാലം ഓണത്തിന് മുമ്പ് തുറക്കും: ഷാനിമോൾ ഉസ്മാൻ
- URL: https://www.vaikomvartha.com/nerekadavu-makkekadavu-palam/
- Published: 2026-06-25T17:34:09.000Z
- Updated: 2026-06-25T17:34:09.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: വേമ്പനാട്ട് കായലിന് കുറുകെ വൈക്കം നേരെകടവിൽ നിന്നും ചേർത്തല മാക്കേ കടവിലേക്ക് പണിയുന്ന നേരേകടവ് മാക്കേ കടവ് പാലം ഓണത്തിന് മുമ്പ് ഉദ്ഘാടനം ചെയ്യാനാണ് ശ്രമമെന്ന് ഡെപ്യൂട്ടി സ്പീക്കറും അരൂർ എം.എൽ.എയുമായ ഷാനിമോൾ ഉസ്‌മാൻ. വൈക്കം നേരിയ കടവിൽ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു ഷാനിമോൾ ഉസ്മാൻ.

2016 ൽനിർമ്മാണം തുടങ്ങിയ നേരെകടവ് മാക്കേകടവ് പാലമാണ് പല കാരണങ്ങളാൽ നിർമ്മാണം തടസ്സപ്പെട്ടു പത്തുവർഷമായി പൂർത്തിയാകാതെ കിടന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് പാലത്തിൻ്റെ നിർമ്മാണം ദ്രുതഗതിയിലാക്കിയിരുന്നു. പാലം നിർമ്മാണം പൂർത്തിയായെങ്കിലും വൈക്കം ഭാഗത്തുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണമാണ് ഇനി നടക്കാനുള്ളത്. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നത് വിലയിരുത്താനാണ് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വൈക്കം എം.എൽ.എ ബിനിമോൻ, ആലപ്പുഴ ജില്ലാ കളക്ടർ ഷാജി നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിർമ്മാണ ഉദ്യോഗസ്ഥരുമായി പാലം സന്ദർശിച്ചത്. 80 ഗര്‍ഡറുകളുള്ള പാലത്തിന്  
22 സ്പാനുകളാണ് ഉള്ളത്. 800 മീറ്ററാണ് പാലത്തിന്റെ നീളം 98.09 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്‍പ്പെടെയുള്ളത് ആയിരുന്നു ആദ്യ ഭരണാനുമതി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-14.jpg)

നിർമ്മാണം 24 മാസത്തിനുള്ളിൽ പൂര്‍ത്തിയാക്കാനായിരുന്നു കരാർ. സ്ഥലം എടുപ്പുമായി ബന്ധപ്പെട്ട കോടതി കേസുകളും മറ്റ് കാരണങ്ങളാലും നിർമ്മാണം മുടങ്ങിയ പാലത്തിൻ്റെ പണി 2024 മാർച്ച് മാസത്തിലാണ് പുതുക്കിയ എസ്റ്റിമേറ്റിൽ പുനരാരംഭിച്ചത്. പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ വൈക്കം ചേർത്തല താലൂക്കുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും. കോട്ടയംകാർക്കടക്കം വൈക്കത്ത് നിന്ന് കൊച്ചിയിലേക്ക് ഗതാഗത കുരുക്കില്ലാതെ കുറഞ്ഞ ദൂരത്തിൽ എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും. ശബരിമല തീർഥാടന പാതയുടെ ഭാഗമായാണ് ഈ പാലം നിർമ്മിക്കുന്നത്. എന്നാൽ ഇതോടനുബന്ധിച്ചുള്ള വൈക്കത്തെ റോസ് നിർമ്മാണം തീരുമോ എന്ന ചോദ്യത്തിന് പരിശോധിച്ച് വിലയിരുത്തണം എന്നായിരുന്നു വിശദീകരണം.