> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സർവ്വേ നടത്താൻ വേണ്ടത്ര ജീവനക്കാരില്ലാത്ത സ്ഥിതി: റവന്യൂ മന്ത്രി
- URL: https://www.vaikomvartha.com/news-kottayam/
- Published: 2026-07-28T16:14:56.000Z
- Updated: 2026-07-28T16:14:56.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: സർവേ നടത്തിപ്പിന് മതിയായ ജീവനക്കാരില്ലാത്തത് സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് റവന്യു മന്ത്രി പി. അനിൽകുമാർ. സ്ഥിരം തസ്തികകൾ വരുന്നതുവരെ താൽക്കാലിക സംവിധാനത്തിലൂടെ ആണെങ്കിലും സർവേ നടപടികൾ തടസമില്ലാതെ തുടരണമെന്നും പട്ടികജാതി-പട്ടികവർഗ കോളനികളിലെ മുഴുവൻ പട്ടയങ്ങളും ഒരു വർഷത്തിനുള്ളിൽ നൽകണമെന്നും മന്ത്രി നിർദേശിച്ചു. റവന്യൂ വകുപ്പിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിലാണ് മന്ത്രിയുടെ ഈ നിർദ്ദേശം ഉണ്ടായത്. വിവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങൾക്ക് സാധ്യമായ സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകണം റവന്യൂവകുപ്പിന്റെ മുഖമാണ് വില്ലേജ് ഓഫീസുകൾ. ഉദ്യോഗസ്ഥർക്കു മുന്നിലെത്തുന്ന എല്ലാ വിഷയങ്ങൾക്കും പരിഹാരം സാധ്യമാകണമെന്നില്ല. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000636332-5.jpg)

എന്നാൽ ജനങ്ങളെ കേൾക്കാനും സമാശ്വസിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ജീവനക്കാർക്കുണ്ട്. ജനങ്ങൾക്കു നൽകുന്ന സേവനം നമ്മുടെ ഔദാര്യമല്ലെന്നും മന്ത്രി പറഞ്ഞു. ഭൂമി പതിച്ചു നൽകൽ, പട്ടയ വിതരണം, ഭൂമി ഏറ്റെടുക്കൽ, തരംമാറ്റം, കൈയേറ്റം ഒഴിപ്പിക്കൽ, ഡിജിറ്റർ സർവേ പ്രവർത്തനങ്ങൾ, ഭൂമി ഏറ്റെടുക്കൽ പദ്ധതികൾ, സ്മാർട്ട് വില്ലേജ്, നികുതിപിരിവ്, കുടിശിക, ഓഡിറ്റ്, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തന പുരോഗതി ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. ലാൻഡ് റവന്യൂ കമ്മിഷണർ എച്ച്. ദിനേശൻ, ജോയിന്റ് കമ്മിഷണർ സഫ്ന നസ്റുദീൻ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, സർവേ ഡയറക്ടർ ജെ.ഒ. അരുൺ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, പാലാ, കോട്ടയം ആർ.ഡി.ഒമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, സ്‌പെഷ്യൽ തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ, സീനിയർ സൂപ്രണ്ടുമാർ, ജൂനിയർ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ വില്ലേജ് ഓഫീസർമാരുമായി മന്ത്രി ഓൺലൈൻ മീറ്റിംഗിൽ സംവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നത് ഉൾപ്പെടെ അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.