> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സർക്കാർ സ്‌കൂളുകളിൽ ഇനി ബിരിയാണി മണം: തമിഴ്‌നാട്ടിൽ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാൻ നീക്കം
- URL: https://www.vaikomvartha.com/news-tamilnadu/
- Published: 2026-07-30T09:27:07.000Z
- Updated: 2026-07-30T09:58:03.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ വമ്പൻ പരിഷ്‌കാരങ്ങൾക്കൊരുങ്ങി ടി.വി.കെ സർക്കാർ. കുട്ടികളുടെ പോഷകാഹാര ലഭ്യതയും സ്‌കൂളുകളിലെ ഹാജർനിലയും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആഴ്‌ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകാനാണ് ആലോചന. സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹനാണ് ഈ ആശയം മുഖ്യമന്ത്രി വിജയ്‌യുടെ മുന്നിൽ അവതരിപ്പിച്ചത്. തമിഴ്‌നാടിന്റെ സ്‌കൂൾ പോഷകാഹാര പദ്ധതി ചരിത്രത്തിലെ നാഴികക്കല്ലുകൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഈ നിർദേശം മുന്നോട്ടുവെച്ചത്:

- ​കാമരാജർ തുടക്കമിട്ട ഉച്ചഭക്ഷണ പദ്ധതി
- ​കലൈഞ്ജർ കരുണാനിധി പദ്ധതിയിൽ മുട്ട ഉൾപ്പെടുത്തി
- ​എം.ജി.ആർ പോഷകാഹാര പദ്ധതിയായി വികസിപ്പിച്ചു
- ​ജയലളിത ആഴ്‌ചയിൽ കൂടുതൽ ദിവസങ്ങളിൽ മുട്ട വിതരണം നിർബന്ധമാക്കി

​ഈ ചരിത്രവഴികളിൽ പുതിയൊരു നാഴികക്കല്ലായി ആഴ്‌ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000636332-21.jpg)

ഉച്ചഭക്ഷണത്തിന് പുറമെ പ്രഭാതഭക്ഷണ മെനുവിലും മാറ്റങ്ങൾ വരുത്താൻ നീക്കമുണ്ട്. നിലവിൽ ഒരു കുട്ടിക്കായി 15 രൂപയാണ് നീക്കിവെക്കുന്നത്. ദിവസവും ഒരേപോലെയുള്ള റവ, ഗോതമ്പ് വിഭവങ്ങൾക്ക് പകരം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതും പോഷക ഗുണമുള്ളതുമായ പുതിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-90.jpg)

​അതേസമയം, കേരളത്തിലും നേരത്തെ ആഴ്ചയിലൊരിക്കൽ ബിരിയാണി നൽകാനുള്ള ഉത്തരവുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ കാരണം നിലവിൽ അതത് സ്‌കൂളുകളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നും പുതിയ പദ്ധതിയുടെ വാർത്തകൾ വരുന്നത്.