> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നവോത്ഥാന ഭൂമിയെ ചുവപ്പണിയിച്ച് സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കം
- URL: https://www.vaikomvartha.com/nvootthaan-bhuumiye-cuvppnniyicc-si-pi-ai-jillaa-smmeellnttin-tuttkkn/
- Published: 2025-08-08T16:18:26.000Z
- Updated: 2025-08-08T16:20:43.000Z
- Author:  Vaikom Vartha News Desk
- Tags: Politics

വൈക്കം: നവോത്ഥാന ഭൂമിയെ ചുവപ്പണിയിച്ച് റെഡ് വാളണ്ടിയർ മാർച്ചോടെ സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം. വനിതകളടക്കം ആയിരത്തിൽ പരം ചുവപ്പ് സേനാംഗങ്ങൾ അണിനിരന്ന മാർച്ച് വൈക്കം നഗരത്തെ അക്ഷരാർത്ഥത്തിൽ തന്നെ ചുവപ്പിച്ചു. ബോട്ട് ജെട്ടിമൈതാനിയിലെ പൊതുസമ്മേളന വേദിയായ കാനം രാജേന്ദ്രൻ നഗറിൽ മാർച്ച് എത്തിച്ചേർന്നപ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചുവപ്പ് സേനയുടെ സല്യൂട്ട് സ്വീകരിച്ചു. 

0:00 

/0:15 

1× 

കാനം സ്മൃതി മണ്ഡപത്തിൽ നിന്നുള്ള പതാക ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനുവും കോട്ടയത്ത് എൻ.കെ.സാനുജന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള ബാനർ ഇ.എൻ.ദാസപ്പനും കുറവിലങ്ങാട് എൻ.എം.മോഹനന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള ബാനർ ലീനമ്മ ഉദയകുമാറും വൈക്കപ്രയാർ ലൈലാ രാധാകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള കൊടിമരം ടി.എൻ.രമേശനും ഏറ്റുവാങ്ങി. തുടർന്ന് സംഘാടകസമിതി പ്രസിഡന്റ് ജോൺ.വി.ജോസഫ് പതാക ഉയർത്തി. ബിനോയ് വിശ്വം പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് വൈക്കം ഇപ്റ്റയുടെ വയലാർ ഗാനസന്ധ്യ നടന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2025/08/1000208371-1.jpg)

നാളെ രാവിലെ 9.30ന് വൈക്കം എൻ.എസ്.എസ് ഓഡിറ്റോറിയത്തിലെ ആർ.ബിജുനഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലയിലെ 11 മണ്ഡലം സമ്മേളനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 325 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.10.30ന് വലിയ കവലയിലെ പ്രത്യേകം തയ്യാറാക്കിയ സ്ക്വയറിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്കൊപ്പം മുതിർന്ന നേതാവ് പാലായിലെ കെ.എസ്.മാധവൻ പതാക ഉയർത്തും. 11ന് ആർ.ബിജു നഗറിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ്കുമാർ എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.രാജേന്ദ്രൻ, പി.പി.സുനീർ എം.പി, ടി.വി.ബാലൻ, സി.പി.മുരളി, പി.പ്രസാദ്, കെ.കെ.അഷ്റഫ്, പി.വസന്തം എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. വൈകിട്ട് 5.30ന് ജെട്ടി മൈതാനിയിലെ പി.എസ്.ശ്രീനിവാസൻ - സി.കെ.വിശ്വനാഥൻ നഗറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മശതാബ്ദി സമ്മേളനം ആരംഭിക്കും. സി.കെ.ആശ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ശതാബ്ദി സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ പ്രമുഖ വിപ്ലവ ഗായിക പി.കെ.മേദിനിയെ ആദരിക്കും. 10ന് രാവിലെ 9.30ന് ആർ.ബിജു നഗറിൽ പ്രതിനിധി സമ്മേളനം തുടരും. ഉച്ചയ്ക്ക് ശേഷം പ്രതിനിധികളുടെ രാഷ്ട്രീയ - സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി മറുപടി പറയും. തുടർന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും പുതിയ ജില്ലാ കൗൺസിലിനെയും, ജില്ലാ സെക്രട്ടറിയേയും സമ്മേളനം തിരഞ്ഞെടുക്കും.