> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാലം മായ്ക്കാത്ത ഓണസ്മൃതികൾ
- URL: https://www.vaikomvartha.com/onasmrithikal/
- Published: 2026-08-25T05:51:55.000Z
- Updated: 2026-08-27T20:19:19.000Z
- Description: ദീപ്തി കൃഷ്ണ. ഡബ്ലിൻ, അയർലൻ്റ്
- Author:  Vaikom Vartha News Desk
- Tags: Main News

കാലത്തിൻ്റെ ഗതിവേഗം മനുഷ്യനെ വല്ലാതെ മാറ്റിയിരിക്കുന്നു. യന്ത്രവൽക്കരിക്കപ്പെട്ട മനസ്സുകളും സ്ഥാപനവൽക്കരിക്കപ്പെട്ട വ്യക്തികളുമായി മാറിയ നമ്മിലേക്ക് സ്നേഹത്തിൻ്റെ കാരുണ്യവും സൗഹൃദത്തിൻ്റെ ആർദ്രതയും ബന്ധങ്ങളുടെ ഊഷ്മളതയും നിറയ്ക്കുന്ന ഓരോ ഓണവും നന്മകൾ നിറഞ്ഞ ആ പഴയ കാലത്തിലേക്കുള്ള തിരിച്ചുപോക്കാണ്.

ഇന്നലെകളെ തിരികെവിളിച്ച്, ഓർമ്മകളുടെ മഴ നനഞ്ഞ് നടക്കാൻ, വീണ്ടുമൊരു പൊന്നോണം കൂടി വന്നെത്തിയിരിക്കുന്നു. ജാതിമത ഭേദമന്യേ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്ന തിരുവോണം, വെറുമൊരു ആഘോഷം മാത്രമല്ല; അത് ഇന്നലെകളുടെ സ്മൃതിസമൃദ്ധിയും ഇന്നിന്റെ തീക്ഷ്ണയാഥാർത്ഥ്യങ്ങളും നാളെയുടെ വസന്തപ്രതീക്ഷകളും കൂടിച്ചേരുന്ന ഒരു ഒരു വലിയ സാംസ്കാരത്തിൻ്റെ നിറവാണ്.

കള്ളവും ചതിയും എള്ളോളമില്ലാതിരുന്ന, മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ആ മാവേലിക്കാലം ഒരു സുവർണ്ണ ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലാണ്. തൊടിയിലെ തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും പറിച്ച്, ചാണകം മെഴുകിയ മുറ്റത്ത് തീർത്തിരുന്ന അത്തപ്പൂക്കളങ്ങൾക്ക് അന്ന് വിയർപ്പിന്റെയും നിഷ്കളങ്കമായ സ്നേഹത്തിന്റെയും ഗന്ധമുണ്ടായിരുന്നു. വറുതിയുടെ കർക്കിടകം പടിയിറങ്ങുമ്പോൾ വരുന്ന പൊന്നിൻ ചിങ്ങം കാർഷിക സമൃദ്ധിയുടെ ഉത്സവമായിരുന്നു. പത്തുനാൾ നീളുന്ന കാത്തിരിപ്പിനൊടുവിൽ നാടൊട്ടുക്കും അലയടിക്കുന്ന ആഹ്ലാദലഹരി! മുറ്റത്തെ ഊഞ്ഞാലും, ആർപ്പുവിളികളും, തുമ്പപ്പൂച്ചോറും ശർക്കരവരട്ടിയും അടപ്രഥമനും പാൽപ്പായസവും വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയും പുലിക്കളിയും തിരുവാതിരയും വള്ളംകളിയുമൊക്കെയായി കൂട്ടായ്മയുടെയും പാരമ്പര്യത്തിന്റെയും വസന്തമായിരുന്നു ഓരോ ഓണവും.

എന്നാൽ, കാലം മാറിയപ്പോൾ ഓണത്തിന്റെ മുഖഛായയും മാറി. ഇന്നിന്റെ തീക്ഷ്ണയാഥാർത്ഥ്യങ്ങൾക്കിടയിൽ, നഷ്ടപ്പെട്ടുപോകുന്ന കുടുംബ ഒത്തുചേരലുകളുടെ ഒരു നേർത്ത നൊമ്പരം കൂടി ഇന്ന് ഓണക്കാലം ബാക്കിവെക്കുന്നുണ്ട്. തൊടിയിലെ പൂക്കൾക്ക് പകരം അന്യനാട്ടിൽ നിന്നെത്തുന്ന പൂക്കൾക്ക് നിറം കൂടുതലാണെങ്കിലും അതിലെവിടെയോ ആ പഴയ ഓണത്തിൻ്റെ ഗന്ധം നഷ്ടമായിരിക്കുന്നു. ജോലിത്തിരക്കുകൾക്കും നഗരവൽക്കരണത്തിനും ഇടയിൽ, തറവാട്ടുമുറ്റത്തെ കളിചിരികളും പലപ്പോഴും വീഡിയോ കോളുകളിലോ ഫോർവേഡ് ചെയ്യപ്പെടുന്ന ആശംസാ കാർഡുകളിലോ മാത്രമായി ചുരുങ്ങി. വിരൽത്തുമ്പിലെ സ്ക്രീനുകൾക്കുള്ളിൽ മനുഷ്യബന്ധങ്ങൾ തളയ്ക്കപ്പെട്ടപ്പോൾ, കൂടിച്ചേരലുകളുടെ പഴയ ഊഷ്മളത പല വീടുകളിലും അന്യമാകുന്നു. ഓണവിപണിയിലെ തിരക്കുകളിലും ഇലക്ട്രോണിക് ഷോറൂമുകളിലെ വൻ ഓഫറുകളിലും ഓണം വെറുമൊരു വാണിജ്യോത്സവമായി വഴിമാറുന്നു എന്ന യാഥാർത്ഥ്യവും നമുക്ക് മുന്നിലുണ്ട്.

എങ്കിലും, പ്രതീക്ഷകൾ അസ്തമിക്കുന്നില്ല. നാളെയുടെ വസന്തപ്രതീക്ഷകളിലേക്കുള്ള ഒരു പാലമാണ് ഇപ്പോഴും ഓരോ ഓണവും. നേരിട്ടുള്ള കൂടിച്ചേരലുകൾ കുറഞ്ഞാലും, ആഗോളതലത്തിൽ ചിതറിക്കിടക്കുന്ന മലയാളികൾ എവിടെയുണ്ടെങ്കിലും ഓണമെത്തുമ്പോൾ അവരുടെ മനസ്സുകൾ അദൃശ്യമായ ഒരു സ്നേഹച്ചരടിൽ കോർക്കപ്പെടുന്നു. കേരളത്തിന് പുറത്ത് ഗൾഫ് നാടുകളിലും യൂറോപ്പിലുമൊക്കെയുള്ള പ്രവാസി കൂട്ടായ്മകളിൽ അതിഗംഭീരമായി ഒരുക്കുന്ന ഓണാഘോഷങ്ങൾ ഈ സാംസ്കാരിക പൈതൃകം മണ്ണടിയാതെ കാക്കുന്നു. മാറ്റങ്ങളോടെയാണെങ്കിലും പുതിയ തലമുറ ഈ സാംസ്കാരിക പ്രതീകത്തെ നെഞ്ചേറ്റുന്നു എന്നത് വലിയൊരു പ്രതീക്ഷയാണ്.

​മാറിയ കാലത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ, സ്നേഹത്തിന്റെ പാൽപ്പായസം നമുക്ക് വീണ്ടും വിളമ്പാം. അകലങ്ങളിൽ ആണെങ്കിലും മനസ്സുകൊണ്ട് നമുക്കൊന്നിക്കാം. സമത്വത്തിന്റെയും മാനവികതയുടെയും പ്രകാശം പരത്തിക്കൊണ്ട്, നഷ്ടസ്മൃതികളുടെ വേദനകളെ നാളെയുടെ പ്രതീക്ഷകൾകൊണ്ട് മറികടക്കാൻ ഈ തിരുവോണം ഏവർക്കും കരുത്തേകട്ടെ.

ഹൃദയം നിറഞ്ഞ ഓണാശംസകൾ!