> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓപ്പറേഷൻ തൂഫാൻ ജനങ്ങൾ ഏറ്റെടുത്തു: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
- URL: https://www.vaikomvartha.com/operation-thoofan-kottayam/
- Published: 2026-07-14T13:51:17.000Z
- Updated: 2026-07-14T13:51:17.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

കോട്ടയം: ലഹരിയ്ക്കെതിരേയുള്ള പോരാട്ടത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് 42 ദിവസം കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായി മാറിയെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 

ഓപ്പറേഷൻ തൂഫാന്റെ മധ്യതിരുവിതാംകൂർ മേഖലാ തല ഉദ്ഘാടനവും സ്വകാര്യസ്ഥാപനങ്ങളിൽ ലഹരിഉപയോഗത്തിനെതിരേയുള്ള നിലപാട് കർക്കശമാക്കുന്ന എച്ച്.ആർ. പോളിസി (ഓപ്പറേഷൻ തൂഫാൻ ഷീൽഡ് -പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ്) നടപ്പാക്കുന്നതിൻ്റെ ഉദ്ഘാടനവും കോട്ടയത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അമ്മമാരും സഹോദരിമാരുമാണ് ഓപ്പറേഷൻ തൂഫാന്റെ ഏറ്റവും വലിയ പ്രചാരകർ. അതിർത്തി കടന്നുവരുന്ന ലഹരിയെ തടയാൻ സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ സാധിക്കില്ല. അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഒരുമിച്ചു കൈകോർക്കുന്ന ആവേശകരമായ സാഹചര്യമാണ് നിലവിലുള്ളത്. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കഴിഞ്ഞദിവസം കണ്ടു പിന്തുണ ഉറപ്പാക്കി. ഈ 16ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ കാണുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ആറായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്ത് അത്രതന്നെ ആളുകളെ അറസ്റ്റ് ചെയ്തു. കേസുകൾ എടുത്തു ജയിൽ നിറയ്ക്കുകയല്ല സർക്കാരിൻ്റെ ലക്ഷ്യം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-7.jpg)

വഴിതെറ്റിപ്പോയവരെ തിരികെ കൊണ്ടുവരികയാണ്. ലഹരി ഉപയോഗിച്ച് വഴിതെറ്റിപ്പോയവരെ തിരികെക്കൊണ്ടു വരുന്നതിനുള്ള തൂഫാൻ കെയർ ആണ് ഓപ്പറേഷൻ തൂഫാന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. ഇതിനായി സംസ്ഥാനത്തെ 35 പ്രമുഖ ആശുപത്രികളുമായി സർക്കാർ കൈകോർത്തെന്നും കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ മന്ത്രി വ്യക്തമാക്കി. കാരിത്താസ് ആശുപത്രി ചെയർമാൻ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ, സി.ഇ.ഒയും ഡയറക്ടറുമായ ഡോ. ബിനു കുന്നത്ത് എന്നിവരെ ഓപ്പറേഷൻ തൂഫാൻ വാരിയർ ബാഡ്ജും മന്ത്രി അണിയിച്ചു. തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത അദ്ദേഹം 42 ദിവസം പിന്നിട്ട ഓപ്പറേഷൻ തൂഫാന്റെ പുരോഗതി റിപ്പോർട്ടും അവതരിപ്പിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-47.jpg)

യുവാക്കൾക്കും വിദ്യാർഥികൾക്കും ഏറെ ഇഷ്ടപ്പെട്ട കാമ്പയിനായി ഓപ്പറേഷൻ തൂഫാൻ മാറിയെന്ന് ചടങ്ങിൽ പ്രത്യേക പ്രഭാഷണം നടത്തിയ ജലവിഭവ വകുപ്പുമന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കാരിത്താസ് ആശുപത്രി ചെയർമാൻ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ് എം.എൽ.എ, സംസ്ഥാന പോലീസ് മേധാവി റാവഡ എ. ചന്ദ്രശേഖർ, എറണാകുളം റേഞ്ച് ഡി.ഐ.ജി. ജി.എച്ച്. യതീഷ് ചന്ദ്ര, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, കാരിത്താസ് ആശുപത്രി സി.ഇ.ഒയും ഡയറക്ടറുമായ ഡോ. ബിനു കുന്നത്ത് എന്നിവർ പ്രസംഗിച്ചു.