> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം
- URL: https://www.vaikomvartha.com/operation-thoofan-song-vaikom-kottayam/
- Published: 2026-08-04T09:54:58.000Z
- Updated: 2026-08-04T13:52:03.000Z
- Description: ലഹരിക്കെതിരായ സന്ദേശവുമായി ‘ലഹരി നുരയുന്നൊരു ലോകം’ എന്ന ഗാനം ശ്രദ്ധേയമാകുന്നു.
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വൈക്കം: ലഹരിക്കെതിരായ സന്ദേശവുമായി ‘ലഹരി നുരയുന്നൊരു ലോകം’ എന്ന ഗാനം ശ്രദ്ധേയമാകുന്നു. ലഹരിക്കെതിരായ ബോധവൽക്കരണത്തിന് സംഗീതത്തിലൂടെ പിന്തുണ അറിയിച്ച് വോയിസ് കൾച്ചർ അക്കാദമി ഒരുക്കിയ ഗാനമാണ് ജനമനസുകളിൽ ഇടംനേടുന്നത്. കേരളത്തിൻ്റെ നാർക്കോ ഹണ്ട് സംരംഭമായ ഓപ്പറേഷൻ തൂഫാൻ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തിന് പിന്തുണയായാണ് ഈ ഗാനം ഒരുക്കിയത്. ഒരു കലാസൃഷ്ടി എന്നതിലുപരി, സമൂഹത്തിന് വേണ്ടി സംഗീതത്തിലൂടെ നൽകുന്ന, കാലം ആവശ്യപ്പെടുന്ന ഇടപെടലായാണ് ഈ ഗാനം ശ്രദ്ധയാകർഷിക്കുന്നത്. 

ഗാനത്തിന് സംഗീതം ഒരുക്കിയത് വൈക്കം കിഴക്കേനട സ്വദേശി സംഗീത സംവിധായകൻ രാംനാഥ് ആണ്. വരികൾ രചിച്ചത് വൈക്കം സ്വദേശിയും ചലച്ചിത്ര ഗാനരചയിതാവുമായി അജീഷ് ദാസൻ. പ്രശസ്ത ഗായിക രേഷ്മ രാഘവേന്ദ്ര പാടിയ ഗാനം ലഹരിക്കെതിരെയുള്ള ഉറച്ച ശബ്ദ സന്ദേശമാണ്ന നമുക്ക് നൽകുന്നത്. കുടുംബങ്ങളെയും യുവാക്കളെയും സമൂഹത്തിന്റെ ഭാവിയെയും ലഹരി എങ്ങനെ ബാധിക്കുന്നു എന്ന ബോധ്യം ജനങ്ങളിലേക്ക് സംഗീതമായി അവതരിപ്പിച്ചതിൽ അനുമോദനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ രംഗത്ത് എത്തിയതും ശ്രദ്ധേയമായി. ഈ ആശയത്തിന്റെ തുടക്കം രാംനാഥും, സുഹൃത്തും ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറുമായ ഹരിനാരായണനും തമ്മിലുള്ള ഒരു ചർച്ചയിൽ നിന്നായിരുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-21.jpg)

സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ഒരു സംഗീതസംഭാവന ചെയ്യണമെന്ന ആലോചനയാണ് പിന്നീട് ‘ലഹരി നുരയുന്നൊരു ലോകം’ എന്ന ഗാനം പിറക്കാൻ കാരണമായത്. ലഹരിക്കെതിരായ പോരാട്ടം സർക്കാർ സംവിധാനങ്ങളുടേത് മാത്രമല്ല, പൊതുസമൂഹത്തിന്റെയും കലാസാംസ്കാരിക രംഗത്തിന്റെയും ഉത്തരവാദിത്തമാണെന്ന സന്ദേശം കൂടിയാണ് ഈ ഗാനം മുന്നോട്ട് വെക്കുന്നത്.