> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ഭക്തിനിര്‍ഭരം
- URL: https://www.vaikomvartha.com/osana-sunday-vaikom-kottayam/
- Published: 2026-03-29T15:01:20.000Z
- Updated: 2026-03-29T15:01:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: വിശ്വാസത്തിന്റെ ദീപ്തസ്മരണകളുമായി വൈക്കത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. യേശുനാഥന്‍ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി പള്ളികളില്‍ വിവിധ ചടങ്ങുകളോടെയാണ് ഓശാന ഞായര്‍ ആചരിച്ചത്. വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളിയിലെ കീഴിലുള്ള 19 ഇടവക ദേവാലയങ്ങളില്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങളുടെ ഭാഗമായാണ് ഓശാന ഞായര്‍ ആചരിച്ചത്.  
മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ സെൻ്റ് മേരീസ് പള്ളിയില്‍ രാവിലെ ആറിന് നടന്ന കുരുത്തോല പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വേമ്പനാട്ടു കായലിന്റെ തീരത്തുള്ള കുരിശടിയില്‍ നടത്തിയ ചടങ്ങുകള്‍ക്ക് വികാരി ഫാ. ജോഷി കളപ്പറമ്പത്ത് മുഖ്യകാര്‍മികനായിരുന്നു. പ്രത്യേകം ക്രമീകരിച്ച വേദിയില്‍ കുരുത്തോലകള്‍ വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. വൈദികന്റെ കൈകളില്‍ ചുംബിച്ച് വിശ്വാസികള്‍ കുരുത്തോലകള്‍ ഏറ്റവാങ്ങി. സഹവികാരി ഫാ. ജിബിന്‍ ഷാജി, ഫാ. അലക്‌സ് കാട്ടേഴത്ത്, ഫാ. സക്കറിയ നെല്ലിക്കുന്നത്ത്, ഫാ. ബെനി തോമസ് എന്നിവർ സഹകാര്‍മികരായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ആചാരങ്ങളെ അനുസ്മരിച്ച് പ്രത്യേകം വേഷം അണിഞ്ഞവര്‍ ഒലിവ് ഓലകളുമായി ചടങ്ങിന്റെ ഭാഗമായി. പള്ളിയിലേക്ക് പുറപ്പെട്ട കുരുത്തോല പ്രദക്ഷിണത്തിന് ട്രസ്റ്റിമാരായ വക്കച്ചന്‍ മണ്ണത്താലി, അബ്രാഹം റോജി ഭവന്‍, വൈസ് ചെയര്‍മാന്‍ ജിയോ ഭഗവതിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈക്കം സെന്റ് ജോസഫ് ഫെറോനപളളിയില്‍ വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍, വൈക്കം നടേല്‍പ്പള്ളിയില്‍ വികാരി ഫാ. ആന്റണി പരപര, വല്ലകം സെൻ്റ് മേരീസ് പള്ളിയില്‍ ഫാ. ടോണി കോട്ടയ്ക്കല്‍, ചെമ്പ് സെൻ്റ് തോമസ് പള്ളിയില്‍ ഫാ. വര്‍ഗീസ് പൈനുങ്കല്‍, ഉദയനാപുരം സെൻ്റ് ജോസഫ് പള്ളിയില്‍ ഫാ. തോമസ് മംഗലശ്ശേരിയില്‍, തോട്ടകം സെൻ്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ഫാ. വര്‍ഗീസ് മേനാച്ചേരിയില്‍, ചെമ്മനത്തുകര സെയ്ന്റ് ആന്റണീസ് പള്ളിയില്‍ ഫാ. സുബിന്‍ പാറയ്ക്കല്‍, കൊട്ടാരപ്പള്ളി സെൻ്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ഫാ. സിബിന്‍ പെരേപ്പാടന്‍, ടി.വി.പുരം തിരുഹൃദയ ദേവാലയത്തില്‍ ഫാ. ഡിനോ മാണിക്കത്താനം, കൊതവറ സെൻ്റ് സേവ്യേഴ്‌സ് പള്ളിയില്‍ ഫാ. ഷിജോ കോനുപറമ്പന്‍, ഉല്ലല സെന്റ് ലിറ്റില്‍സ് പള്ളിയില്‍ ഫാ. വിന്‍സെന്റ് പറമ്പത്തറ, ഇടയാഴം സെൻ്റ് ജോസഫ് പള്ളിയില്‍ ഫാ. എബ്രാഹം മുകാലില്‍, അച്ചിനകം സെന്റ് ആന്റണീസ് പള്ളിയില്‍ ആന്റണി മംഗലത്ത്, വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ ഫാ. സെബാസ്റ്റ്യന്‍ ചണ്ണാപ്പള്ളിയില്‍, തലയോലപ്പറമ്പ് സെൻ്റ് ജോര്‍ജ് പള്ളിയില്‍ ഫാ. സേവ്യര്‍ ആവള്ളിയില്‍, പൊതി കലയത്തുംകുന്ന് പള്ളിയില്‍ ഫാ. പോള്‍ വെള്ളറയ്ക്കല്‍, മേവെള്ളൂര്‍ ഇമ്മാകുലേറ്റ് പള്ളിയില്‍ ഫാ. അലക്‌സ് മേക്കാംതുരുത്തിയില്‍ എന്നിവര്‍ ഓശാന ഞായറിന്റെ തിരുകര്‍മ്മങ്ങളില്‍ മുഖ്യകാര്‍മികരായിരുന്നു.