> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
- URL: https://www.vaikomvartha.com/pakshipani-udayanapuram/
- Published: 2026-04-11T14:33:27.000Z
- Updated: 2026-04-12T05:42:11.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ പതിനാറാം വാർഡിൽ പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചു. ശ്രീനാരായണപുരത്ത് പുത്തൻകരി പി.ഡി ജോണിൻ്റെ കോഴിഫാമിലാണ് പക്ഷിപ്പനി സ്വീകരിച്ചത്. പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും മറ്റു വളർത്തുപക്ഷികളെയും മാർഗ്ഗനിർദേശങ്ങൾ പാലിച്ച് അടിയന്തരമായി നശിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു. രോഗം സ്ഥിരീകരിച്ച സ്ഥലത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.  
ഉദയനാപുരം ഗ്രാമപഞ്ചായത്തിനു പുറമേ 10 കിലോമീറ്റർ പരിധിയിലുള്ള വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത്, ടി.വി.പുരം, തലയാഴം, കല്ലറ, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നീ തദ്ദേശഭരണ സ്ഥാപന മേഖലകളിലും താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ എന്നിവയുടെ മുട്ടയും ഇറച്ചിയും വളവും ഉപയോഗിക്കുന്നതും വിൽക്കുന്നതും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും മൂന്നു ദിവസത്തേക്ക് നിരോധിച്ചു. വളർത്തുപക്ഷികൾ, മുട്ട, ഇറച്ചി, വളം എന്നിവ നിരീക്ഷണ മേഖലയ്ക്ക് പുറത്തേക്കോ പുറത്തുനിന്ന് അകത്തേക്കോ കൊണ്ടുവരുന്നത് മൂന്ന് മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമം പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.