> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പരസ്യം വേറെ... പരിശീലനം വേറെ... പരിശീലന സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് വിധി
- URL: https://www.vaikomvartha.com/prsyn-veerre-prishiilnn-veerre-prishiiln-se-rr-nssttprihaarn-n-knnmenn-vidhi/
- Published: 2026-09-02T11:02:23.000Z
- Updated: 2026-09-02T11:02:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: പരസ്യത്തിൽ നൽകിയ പോലെ സിവിൽ സർവീസ്കോച്ചിംഗ് പരിശീലനം നൽകിയില്ല. പരിശീലന സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് വിധി. പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന സിവിൽ സർവീസ് പരിശീലനകേന്ദ്രം വിദ്യാർഥിക്കു നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. കോഴ്സ് ഫീസായി പരാതിക്കാരി അടച്ച 70000 രൂപയിൽ 29,167 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവിനത്തിൽ 3,000 രൂപയും നൽകാനാണ് കമ്മീഷൻ ഉത്തരവ്.കളക്ട്രേറ്റ് പള്ളിക്കുന്നേൽ സ്വദേശിനിയായ എസ്. ബാലയാണ് പരാതിക്കാരി. കോട്ടയം ഗാന്ധിനഗർ പെരുമ്പായിക്കാട് കൊച്ചുകാലുക്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കാമ്പസ് സ്‌കൂൾ ഓഫ് സിവിൽ സർവീസ് എന്ന സ്ഥാപനത്തിന്റെ ഉടമ പ്രീസ്റ്റിലി ശ്യാമിനെതിരേയാണ് വിധി. യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെ 12 മാസത്തെ കോഴ്സിന് 2024 ജൂലൈയിലാണ് പരാതിക്കാരി ഈ സ്ഥാപനത്തിൽ ചേർന്നത്. വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് എടുക്കുമെന്നും 800 മണിക്കൂർ ക്ലാസ്സ്, റെഗുലർ റിവിഷൻ, ആൻസർ റൈറ്റിംഗ് പ്രാക്ടീസ്, മോക്ക് ഇൻറർവ്യൂ, ലൈബ്രറി സൗകര്യം എന്നിവ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വാഗ്ദാനം ചെയ്ത രീതിയിലുള്ള അക്കാദമിക് പിന്തുണ ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി കമ്മിഷനെ സമീപിച്ചിത്. ക്ലാസുകൾ കൃത്യമായി നടന്നിരുന്നില്ലെന്നും, മിക്ക വിഷയങ്ങൾക്കും യോഗ്യരായ അധ്യാപകർ ഇല്ലായിരുന്നുവെന്നും ജോഗ്രഫിയിൽ ബിരുദാനന്തര ബിരുദമുള്ള സ്ഥാപന ഉടമയാണ് ഭൂരിഭാഗം വിഷയങ്ങളും പഠിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. സമർപ്പിക്കപ്പെട്ട രേഖകളും തെളിവുകളും പരിശോധിച്ച കമ്മിഷൻ പരസ്യങ്ങളിൽ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെ ത്തുകയായിരുന്നു. വാഗ്ദാനം ചെയ്ത രീതിയിൽ പരിശീലനം നൽകാത്തത് സേവനത്തിലെ പോരായ്മയും തെറ്റായ വ്യാപാര രീതിയുമാണ്. എന്നിരുന്നാലും പരാതിക്കാരി ഏഴു മാസം കോഴ്സിൽ പങ്കെടുത്തു പരിശീലനപരിപാടിയുടെ നേട്ടം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പാഠഭാഗങ്ങൾ നല്ലരീതിയിൽ ഈ സമയത്ത് കവർ ചെയ്തിട്ടുണ്ട്. അതിനാൽ മുഴുവൻ ഫീസ് തിരികെ ലഭിക്കുന്നതിന് അർഹതയില്ലെന്നും കമ്മീഷൻ പറയുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ച് ബാക്കി അഞ്ചുമാസത്തെ ഫീസായ 29,167 രൂപയും മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടതിന് നഷ്ടപരിഹാരവും കോടതിച്ചെലവും പരാതിക്കാരിക്ക് നൽകാനാണ് കമ്മീഷൻ പ്രസിഡൻറ് അഡ്വ. വി.എസ്. മനുലാൽ, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.  
​