> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മൂവാറ്റുപുഴയാറിന്റെ തീരം വ്യാപകമായി ഇടിയുന്നു: ദുരന്തഭീതിയിൽ തീരദേശവാസികൾ
- URL: https://www.vaikomvartha.com/puyude-theer-idinju/
- Published: 2026-05-29T05:33:52.000Z
- Updated: 2026-05-29T05:33:52.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം**:** ഉദയനാപുരം പഞ്ചായത്തിൽ മൂവാറ്റുപുഴയാറിന്റെ തീരം വ്യാപകമായി ഇടിയുന്നു. വടയാർ ആറ്റുവേലക്കടവ് ചിറപ്പുറം റോഡിന്റെ ഒരു കിലോമീറ്ററോളം ഭാഗം വിള്ളൽ വീണ് ഏതുനിമിഷവും പുഴയിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. 

0:00 

/2:15 

1× 

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പ്രദേശത്ത് 20 മീറ്ററോളം ഭാഗം പെട്ടെന്ന് പുഴയിലേക്ക് ഇടിഞ്ഞുതാണു. ഇതേത്തുടർന്ന് രണ്ട് ഇലക്ട്രിക് പോസ്റ്റുകളും സമീപത്തെ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും പുഴയിലേക്ക് വീണു.

പഞ്ചായത്ത് റോഡിന്റെ കുടിലിൽ ഭാഗം മുതൽ എൻ.എസ്.എസ്. ഓഫീസ് വരെയുള്ള ഭാഗമാണ് കടുത്ത അപകടാവസ്ഥയിലായിരിക്കുന്നത്. റോഡിന്റെ ചില ഭാഗങ്ങൾ പൂർണ്ണമായും വിള്ളൽ വീണ് വേർപെട്ട നിലയിലാണ്. റോഡരികിലായി 75-ഓളം വീടുകളും ഒട്ടനവധി ഇലക്ട്രിക് പോസ്റ്റുകളുമാണുള്ളത്. പതിറ്റാണ്ടുകൾക്ക് മുൻപ് കല്ലുകെട്ടി സംരക്ഷിച്ച തീരപ്രദേശമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. ഇനിയും കനത്ത മഴ പെയ്താൽ റോഡ് പൂർണ്ണമായും പുഴയിലാവുകയും സമീപത്തെ വീടുകൾ തകരുകയും ചെയ്യുമെന്ന ഭീതിയിലാണ് നാട്ടുകാർ. നിലവിൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പഞ്ചായത്ത് അധികൃതർ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. 

വെള്ളപ്പൊക്ക സമയത്ത് പുഴയിൽ നിന്ന് വെള്ളം കയറാതിരിക്കാനായി മുൻപ് കല്ലുകെട്ടിയതിന് മുകളിൽ മണ്ണിറക്കി ബണ്ട് നിർമ്മിച്ചിരുന്നു. എന്നാൽ ഇതോടെ റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയുണ്ടായതാണ് ഇടിവിന് പ്രധാന കാരണമായി പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിനുപുറമേ വേലിയിറക്ക സമയത്ത് പുഴയിലെ ജലനിരപ്പ് അസാധാരണമാംവിധം താഴ്ന്നതും കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തുണ്ടായ കനത്ത മഴയും കാരണമായിട്ടുണ്ട്. അപകടവിവരമറിഞ്ഞ് വൈക്കം എം.എൽ.എ. കെ. ബിനിമോൻ, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.