> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം: പിണറായി വിജയൻ
- URL: https://www.vaikomvartha.com/sabarimala-news-pinarayi-vijayan/
- Published: 2026-07-15T06:01:58.000Z
- Updated: 2026-07-15T06:01:58.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Politics

തിരുവനന്തപുരം: ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളില്‍ കോടതി ഇടപെടലുകള്‍ മൂലം സര്‍ക്കാരിന് തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്നില്ലെന്നും മറ്റുമുള്ള ദേവസ്വം മന്ത്രി കെ മുരളീധരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നതായും പിണറായി പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-49.jpg)

ഹൈക്കോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘമാണല്ലോ ഈ കേസ് അന്വേഷിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ പദവി പുതുതായി സൃഷ്ടിച്ച് യുഡിഎഫ് സര്‍ക്കാര്‍ നിയമിക്കുകയുണ്ടായി. വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്നാണ് അത് റദ്ദുചെയ്യേണ്ടിവന്നത്. പ്രതിഭാഗം വക്കീലിനെ പ്രോസിക്യൂഷന്‍ ഏല്‍പ്പിച്ചാല്‍ കേസ് നല്ലരീതിയില്‍ നടത്താനാകും എന്ന വിചിത്ര ന്യായമാണ് അന്ന് മന്ത്രി പറഞ്ഞതെന്നും പിണറായി പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-11.jpg)

പ്രതിപക്ഷത്തുള്ളപ്പോള്‍ ദേവസ്വം വിഷയങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണങ്ങള്‍ സ്വാഗതം ചെയ്തവര്‍ അധികാരത്തിലെത്തിയപ്പോള്‍ കോടതിയുടെ ഇടപെടല്‍ സംബന്ധിച്ച നിലപാട് തന്നെ മാറ്റുകയാണ്. കോടതിയുടെ മേല്‍നോട്ടത്തെ തങ്ങളുടെ സൗകര്യപൂര്‍വ്വം സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും അല്ലാത്തപ്പോള്‍ തടസ്സങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം വ്യക്തമാണ്. ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന രീതിയില്‍ മന്ത്രിമാര്‍ സംസാരിക്കുന്നതും ഉചിതമായ രീതിയല്ല. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാന്‍ ബാധ്യതപ്പെട്ട ഒരു മന്ത്രിയില്‍ നിന്നും കോടതിക്കെതിരായി ഉണ്ടായ ഈ പരാമര്‍ശം ഗൗരവമായി കാണണം. സ്വര്‍ണ്ണക്കൊള്ള കേസിനെ ദുര്‍ബ്ബലപ്പെടുത്താനുള്ള ഏത് ശ്രമവും എതിര്‍ക്കപ്പെടും. ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും പിണറായി പറഞ്ഞു.