> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ
- URL: https://www.vaikomvartha.com/sajeesh-tom-vaikom-uk/
- Published: 2026-05-15T10:07:31.000Z
- Updated: 2026-05-15T10:07:31.000Z
- Author:  Vaikom Vartha News Desk
- Tags: Main News, അന്താരാഷ്ട്ര വാര്‍ത്തകൾ

ലണ്ടൻ: സജീഷ് ടോം ബേസിംഗ്‌സ്‌റ്റോക്ക് ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു.  
കഴിഞ്ഞയാഴ്ച നടന്ന യു.കെ പ്രാദേശീയ തിരഞ്ഞെടുപ്പിൽ ഹാംഷയർ കൗണ്ടിയിലെ ഏക ലേബർ പാർട്ടി കൗൺസിലറായാണ് വിജയിച്ച സജീഷ് ടോം ബേസിംഗ്‌സ്‌റ്റോക്ക് ബറോ കൗൺസിലിന്റെ പുതിയ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.  
ഒരേസമയം കൗണ്ടി കൗൺസിലിലും ബറോ കൗൺസിലിലും അംഗമാകുക എന്നത് തന്നെ വിരളമാണെന്നിരിക്കെ, അതിനൊപ്പം ഒരു ബറോയുടെ ഡെപ്യൂട്ടി മേയർ കൂടി ആവുക എന്നത് യു.കെ രാഷ്ട്രീയത്തിൽ തന്നെ അപൂർവ്വമാണ്. ഈ അപൂർവ്വതയിലേക്കാണ് പ്രവാസി സമൂഹത്തിനാകെ അഭിമാനമായി സജീഷ് ടോം നടന്ന് കയറിയിരിക്കുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/05/1000530082-10.jpg)

2021 മുതൽ ബേസിംഗ്‌സ്‌റ്റോക്ക് ബറോ കൗൺസിലിലെ പോപ്പിലി വാർഡിനെ പ്രതിനിധീകരിക്കുന്ന സജീഷ് ടോം ഓരോ തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുന്ന കൗൺസിലർമാരിൽ ഒരാളാണ്. ഈ വർഷം വിജയിച്ച ഹാംഷയർ കൗണ്ടിയിലേക്കുള്ള ബേസിംഗ്‌സ്‌റ്റോക്ക് നോർത്ത് ഡിവിഷൻ പരമ്പരാഗതമായി ലേബർ പാർട്ടി നിലനിർത്തിപോരുന്ന ഒരു ഡിവിഷൻ ആണെങ്കിലും തീവ്ര വലതുപക്ഷ പാർട്ടിയായ റീഫോം യു.കെയുടെ കുത്തൊഴുക്കിൽ വിജയ സാധ്യത ഇല്ലെന്ന് ലേബർ പാർട്ടി പോലും വിധിയെഴുതിയ ഒന്നായിരുന്നു.

യു.കെ. രാഷ്ട്രീയ ചരിത്രത്തിൽ വളരെ ചുരുക്കം മലയാളികൾ മാത്രമേ മേയർ, ഡെപ്യൂട്ടി മേയർ പദവികളിൽ എത്തിയിട്ടുള്ളു. ഓമന ഗംഗാധരൻ, ഫിലിപ്പ് എബ്രഹാം, മഞ്ജു ഷാഹുൽ ഹമീദ്, ടോം ആദിത്യ, ബൈജു തിട്ടാല തുടങ്ങിയ മലയാളികളുടെ നിരയിലേക്ക് സജീഷ് ടോമിന്റെ പേരുകൂടി എഴുതി ചേർക്കപ്പെടുകയാണ്. യു.കെയിലെ മേയറൽ പ്രോട്ടോകോൾ അനുസരിച്ച് അടുത്ത വർഷം മേയിൽ സജീഷ് ടോം മേയർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടും.

വൈക്കം, ചെമ്പ് അയ്യനംപറമ്പിൽ കുടുംബാംഗമായ സജീഷിൻ്റെ കുടുംബം എറണാകുളം ജില്ലയിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് അതിർത്തിയിലുള്ള തെക്കൻ പറവൂരിലാണ്. ഭാര്യ ആൻസി ഹാംഷയർ ഹോസ്പിറ്റൽസ് എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഐ.സി.യു ഡിപ്പാർട്ട്മെൻറ്റിൽ ഡെപ്യൂട്ടി സിസ്റ്ററായി ജോലി ചെയ്യുന്നു. ഏക മകൾ അലീന ലണ്ടണിൽ ജോലി ചെയ്യുന്നു.

2015, 2016 വർഷങ്ങളിൽ യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ "യുക്മ"യുടെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച സജീഷ് ടോം തുടർന്നുള്ള നാല് വർഷങ്ങൾ സംഘടനയുടെ ദേശീയ പബ്ലിക് റിലേഷൻ ഓഫീസർ ആയും പ്രവർത്തിച്ചിട്ടുണ്ട്. യു.കെ. പൊതുസമൂഹത്തിൽ രണ്ട് ദശാബ്ദത്തിലേറെയായി സജീവ സാന്നിധ്യമായ സജീഷ് തുടർച്ചയായ മൂന്ന് ടേമുകളിൽ ബേസിംഗ്‌സ്‌റ്റോക്ക് മൾട്ടികൾച്ചറൽ ഫോറം ട്രഷറർ എന്ന നിലയിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനത്തിന് നേതൃത്വം നൽകുകയും 2012 ൽ "മേയേർസ് വോളൻറ്ററി അവാർഡ്" കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

ബേസിംഗ്‌സ്‌റ്റോക്ക് എൻ.എച്ച്എ.സ് ഹോസ്പിറ്റലിൽ അഡ്മിൻ വിഭാഗത്തിൽ ജോലിചെയ്യുന്ന സജീഷ് ടോം തൊഴിലാളി പ്രസ്ഥാനങ്ങളിലും സജീവമാണ്. യു.കെ യിലെ പ്രബല തൊഴിലാളി യൂണിയനായ UNISON ന്റെ ബ്രാഞ്ച് ചെയർപേഴ്സൺ, ലേബർലിങ്ക് ഓഫീസർ, സൗത്ത് ഈസ്റ്റ് റീജിയണൽ ഫിനാൻസ് കമ്മറ്റി അംഗം, റീജിയണൽ വെൽഫെയർ കമ്മറ്റി അംഗം തുടങ്ങി നിരവധി ചുമതലകൾ വിവിധ കാലഘട്ടങ്ങളിലായി സജീഷ് വഹിച്ചിട്ടുണ്ട്.