> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി
- URL: https://www.vaikomvartha.com/school-bus-suraksha-parisodhana/
- Published: 2026-05-17T06:51:56.000Z
- Updated: 2026-05-17T06:51:56.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: വൈക്കത്ത് സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധനക്ക് തുടക്കമായി. വൈക്കം ജോയിൻ്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് വൈക്കം താലൂക്കിലെ 51 സ്കൂളുകളിലെ വാഹനങ്ങൾ പരിശോധിക്കുന്നത്.  
പുതിയ അധ്യയനവർഷം തുടങ്ങുന്നതിൻ്റെ മുന്നോടിയായാണ് മോട്ടോർ വാഹന വകുപ്പ് സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങിയത്. 

0:00 

/1:53 

1× 

വൈക്കം ആശ്രമം സ്കൂൾ മൈതാനത്താണ് വാഹനങ്ങളുടെ പരിശോധന തുടങ്ങിയത്. ആദ്യഘട്ട പരിശോധന ഇന്നലെ നടന്നു. ബുധനാഴ്ചയാണ് രണ്ടാംഘട്ട പരിശോധന. വൈക്കം താലൂക്കിലെ സ്കൂളുകളിലോടുന്ന 120 ലധികം വാഹനങ്ങളുടെ പരിശോധനയാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്നത്. സാധാരണ നടത്തുന്ന വാഹന സർട്ടിഫിക്കറ്റുകൾ, ഫിറ്റ്നസ്, വിദ്യാർത്ഥികൾക്കാവശ്യമായ സൗകര്യങ്ങൾ, സേഫ്റ്റി ക്യാമറ, വാതിലുകളുടെ പ്രവർത്തനം, എമർജൻസി എക്സിറ്റ് തുടങ്ങിയ പരിശോധനകൾക്ക് പുറമെ ഇത്തവണ 35 ഓളം മറ്റു സുരക്ഷ സംവിധാനങ്ങളും വാഹനങ്ങളിലുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഈ വർഷമാണ് സാധാരണ സുരക്ഷാ പരിശോധനകൾക്ക് പുറമെ 35 ഓളം അധിക സുരക്ഷാ സംവിധാനങ്ങളും വാഹനങ്ങളിൽ ഒരുക്കണമെന്ന നിർദ്ദേശം ഉണ്ടായിരിക്കുന്നത്. ഈ പരിശോധനകളിൽ വിജയിക്കുന്ന വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പ്രത്യേക സ്റ്റിക്കർ പതിക്കും. ഈ സ്റ്റിക്കർ പതിച്ച വാഹനങ്ങൾക്ക് മാത്രമേ വിദ്യാർഥികളുമായി നിരത്തിലിറങ്ങാൻ കഴിയൂ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിദ്യാർഥികളുമായി സ്കൂൾ വാഹനങ്ങൾ ഓടിയാൽ കർശന നടപടിയെടുക്കാൻ ആണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. വൈക്കം ജോയിൻറ് ആർ.ടി.ഒ കെ.ജി ബിജു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മെൽവിൻ ക്ലീറ്റസ്, ഭരത്ചന്ദ്രൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പകടർമാരായ സോണി ജോൺ, എ. വരുൺ, അനൂപ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ആദ്യദിനത്തിൽ പരിശോധന നടന്നത്.