> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സമസ്ത മേഖലകളിലും നായർ സമുദായം പിന്നിൽ: പെരുമുറ്റം രാധാകൃഷ്ണൻ
- URL: https://www.vaikomvartha.com/smst-meekhlkllilun-naay-smudaayn-pinni-perumurrrrn-raadhaakrssnn/
- Published: 2026-03-12T03:26:41.000Z
- Updated: 2026-03-12T03:26:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: സമസ്ത മേഖലകളിലും നായർ സമുദായം പിന്നോട്ടടിക്കുന്നുവെന്നും ഇതിനു കാരണം സമുദായത്തിൻ്റെ കഴിവുകെട്ട നേതൃത്വമാണെന്നും നായർ ഐക്യവേദി സംസ്ഥാന ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ പറഞ്ഞു.  
ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് ഉടനടി നടപ്പിലാക്കുക, ഭരണഘടന ഉറപ്പു നല്കുന്ന തുല്യനീതി നടപ്പാക്കുക, ക്ഷേത്രഭരണം ക്ഷേത്രവിശ്വാസികളെ ഏൽപ്പിക്കുകുക, ചട്ടമ്പിസ്വാമികൾക്ക് അർഹമായ ആദരവു നല്കുക, മതത്തിൻ്റെയും ജാതിയുടെയും പേരിൽ നടപ്പാക്കുന്ന വിവേചനവും അനീതിയും കാട്ടുനീതിയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നായർ ഐക്യവേദി കാസർഗോഡ് നിന്നാരംഭിച്ച അവകാശ സംരക്ഷണയാത്രക്ക് ആർപ്പൂക്കരയിൽ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  
തങ്ങളുടെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം ആരെന്ന് സമുദായം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. സാമ്പത്തിക സംവരണം എന്ന തത്വത്തിൽ ഉറച്ചു നിന്നിരുന്നുവെങ്കിൽ സമുദായം ഇത്രയും പുറകോട്ടു പോകുകയില്ലായിരുന്നു. വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക, തൊഴിൽ രംഗങ്ങളിലെല്ലാം നായർ പിന്തള്ളപ്പെട്ടു കഴിഞ്ഞു. നിയമസഭയ്ക്കുള്ളിൽ മന്ത്രിമാർ സ്വന്തം സമുദായത്തിനു വേണ്ടി പ്രസംഗിക്കുകയും അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുമ്പോൾ മുന്നോക്ക സമുദായ അംഗങ്ങൾക്കു വേണ്ടി സംസാരിക്കുവാൻ ഇടതു വലതു രാഷ്ട്രീയക്കാർ ആരുമില്ല. കമ്യൂണിസം നേതാക്കളുടെ മക്കളിൽ എത്തി നില്ക്കുന്നു. നാലു വോട്ടിനു വേണ്ടി മുസ്ലിം ലീഗിനെ മതേതരക്കാരായി അംഗീകരിച്ച് ഭൂരിപക്ഷ സമുദായത്തെ നോക്കി പരിഹസിക്കുകയാണ് യു.ഡി.എഫ്. വൈക്കം പത്മനാഭ പിള്ളയുടെ പിൻമുറക്കാരാണ് നാം എന്നതിൽ അഭിമാനം കൊള്ളണം. നാട്ടുരാജാക്കന്മാർക്ക് പട്ടാളക്കാരെ വരെ നല്കിയ സമുദായമാണിത്. മന്നത്തിനു ശേഷം കുറെ ആൾക്കാർ രാഷ്ട്രീയക്കാരുടെ ഒത്താശയോടെ സമുദായത്തെ കൊള്ളയടിക്കുകയാണ്. പിണറായി സർക്കാർ നായർ സമുദായത്തെ ചതിച്ചു. മറ്റെല്ലാ സമുദായങ്ങൾക്കും വാരിക്കോരി നല്കി. നാലു വർഷമായിട്ടും ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല. ഇതു നടപ്പാക്കിയേ മതിയാകൂ. നമ്മുടെ വരും തലമുറകൾക്കും അന്തസ്സോടെ ഇവിടെ ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്നത്താചാര്യൻ്റെ ചെറുമകൻ ഡോ.ബാലചന്ദ്രൻ മന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ടി.ഡി വിജയൻ നായർ, കോട്ടയം ജില്ലാ ചെയർമാൻ രാജ്മോഹൻ വെട്ടിക്കുളങ്ങര, ജനറൽ സെക്രട്ടറി ഡോ. ജ്യോതികുമാർ ആർപ്പൂക്കര, വൈസ് ചെയർമാൻ അനിൽ കുമാർ പാലാ, വനിതാവേദി ജില്ലാ പ്രസിഡൻ്റ് മിനി നന്ദകുമാർ, ഡി. പാർവ്വതി അമ്മ ചിന്മയാ മിഷൻ എന്നിവർ പ്രസംഗിച്ചു. ആർപ്പൂക്കര 4222-ാം നമ്പർ കരയോഗാംഗങ്ങൾ പങ്കെടുത്തു.