> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നാദശരീരന് നൈവേദ്യമായി നാദ താളങ്ങൾ: വൈക്കത്തപ്പന് മുന്നിൽ  സംഗീതാർച്ചന നടത്തി ബഹറിൻ വാദ്യകലാസംഘം
- URL: https://www.vaikomvartha.com/sopana-sangeetha-yathra-vaikom-2/
- Published: 2026-08-13T15:23:31.000Z
- Updated: 2026-08-14T14:05:39.000Z
- Description: ​വൈക്കം: ഇടയ്ക്കയുടെ നാദലയത്തിൽ ഒഴുകിയെത്തിയ ഭക്തിഗാനങ്ങൾ വൈക്കം മഹാദേവക്ഷേത്ര സങ്കേതത്തെ ഭക്തിസാന്ദ്രമാക്കി. ബഹറിൻ വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സോപാന സംഗീത പരിക്രമം’ കലാമണ്ഡപത്തിൽ അരങ്ങേറിയപ്പോൾ അത് ഭക്തർക്ക് അപൂർവ്വവും ആത്മീയവുമായ അനുഭവമായി മാറി.​
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

​വൈക്കം: ഇടയ്ക്കയുടെ നാദലയത്തിൽ ഒഴുകിയെത്തിയ ഭക്തിഗാനങ്ങൾ വൈക്കം മഹാദേവക്ഷേത്ര സങ്കേതത്തെ ഭക്തിസാന്ദ്രമാക്കി. ബഹറിൻ വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സോപാന സംഗീത പരിക്രമം’ കലാമണ്ഡപത്തിൽ അരങ്ങേറിയപ്പോൾ അത് ഭക്തർക്ക് അപൂർവ്വവും ആത്മീയവുമായ അനുഭവമായി മാറി.​പ്രശസ്ത സോപാനസംഗീത വിദ്വാന്മാരായ അമ്പലപ്പുഴ വിജയകുമാർ, ഗുരു സന്തോഷ് കൈലാസ് എന്നിവരുടെ മുഖ്യശിക്ഷണത്തിൽ, സ്ത്രീകൾ അടക്കം മുപ്പതോളം പ്രവാസി കലാകാരന്മാരാണ് വൈക്കത്തപ്പന് മുന്നിൽ ഗാനാർച്ചന നടത്തിയത്.

**സോപാന സംഗീത പരിക്രമം:** 

മൂകാംബികയിൽ നിന്ന് അമ്പലപ്പുഴയിലേക്ക്​കേരളത്തിന്റെ തനത് അനുഷ്ഠാന കലാരൂപമായ സോപാന സംഗീതത്തിന്റെ വീണ്ടെടുപ്പും പ്രചാരണവും ലക്ഷ്യമിട്ടാണ് ഈ സംഗീതയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

**​തുടക്കം:** 

ഓഗസ്റ്റ് 8ന് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ നിന്ന് യാത്രയ്ക്ക് തുടക്കമായി.**​**

**പര്യടനം:** 

കേരളത്തിലെ 8 ജില്ലകളിലായി 24 പ്രമുഖ ക്ഷേത്രങ്ങളിൽ സംഗീതാർച്ചന നടത്തി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654725-4.png)

**സമാപനം:** 

നാളെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സോപാന സംഗീത പരിക്രമം സമാപിക്കും.​

**കലാവീഥികളിലെ പ്രതിഭകൾക്ക് ആദരം:**​

ക്ഷേത്ര കലാമണ്ഡപത്തിൽ നടന്ന ചടങ്ങിൽ സോപാന സംഗീത രംഗത്തെ പ്രമുഖരായ ആചാര്യന്മാരായ തേരോഴി രാമക്കുറുപ്പ്​, അമ്പലപ്പുഴ വിജയകുമാർ, ​ഗുരു സന്തോഷ് കൈലാസ്,​ കീഴൂർ മധുസൂദന കുറുപ്പ്​ എന്നിവരെ ആദരിച്ചു. പ്രവാസി മണ്ണിൽ കലയും സംസ്കാരവും നെഞ്ചിലേറ്റുന്ന ബഹറിൻ വാദ്യകലാ സംഘത്തിന്റെ ഈ ഉദ്യമത്തെ ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും അഭിനന്ദിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-59.jpg)

**സോപാന സംഗീതം:**

ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പടികൾക്ക് (സോപാനം) മുന്നിൽ നിന്ന് ഇടയ്ക്ക കൊട്ടി ദേവതാസ്തുതികൾ പാടുന്ന കേരളത്തിന്റെ പുരാതനമായ അനുഷ്ഠാന കലാരൂപമാണിത്.​ 

**ബഹറിൻ വാദ്യകലാസംഘം**: 

ഗൾഫ് നാടുകളിൽ കേരളീയ വാദ്യകലകളും അനുഷ്ഠാന കലകളും പുതിയ തലമുറയ്ക്ക് പരിശീലനം നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രമുഖ പ്രവാസി കൂട്ടായ്മകളിൽ ഒന്നാണിത്.