> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇന്ന് ശ്രീകൃഷ്ണ ജയന്തി
- URL: https://www.vaikomvartha.com/sreekrishna-jayanthi/
- Published: 2026-09-04T01:59:41.000Z
- Updated: 2026-09-05T01:37:41.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

മണ്ണിൽ പിറന്ന ഒരു ബാലന്റെ കുസൃതികളിലും കളിചിരികളിലും പോലും ദൈവികതയുടെ മഹത്തായ സന്ദേശം കാണാൻ കഴിയുന്ന അപൂർവമായ ആഘോഷമാണ് ശ്രീകൃഷ്ണ ജയന്തി. ബാല്യത്തിന്റെ നിഷ്കളങ്കതയും സ്നേഹത്തിന്റെ മാധുര്യവും ധർമ്മത്തിന്റെ ശക്തിയും ജ്ഞാനത്തിന്റെ ആഴവും ഒരുമിച്ച് പകരുന്ന ദിവ്യസാന്നിധ്യമാണ് ശ്രീകൃഷ്ണൻ എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ കൃഷ്ണന്റെ ജന്മദിനം ഒരു മതാചരണം മാത്രമല്ല, തലമുറകളെ ഒന്നിപ്പിക്കുന്ന ഭക്തിയുടെയും സംസ്കാരത്തിന്റെയും ആഘോഷം കൂടിയാണ്. കോട്ടയം ജില്ലയിൽ 1100 ആഘോഷങ്ങളിലായി 2000 സ്ഥലങ്ങളിലാണ് ഇന്ന് ശോഭാ യാത്ര നടത്തുന്നത്. വൈക്കത്ത് നാലു ദിക്കുകളിൽ നിന്നും എത്തുന്ന നിരവധി ശോഭാ യാത്രകൾ വലിയ കവലയിൽ സംഗമിച്ച് മഹാശോഭാ യാത്രയായി നാലുമണിയോടുകൂടി നഗരം ചുറ്റി മഹാദേവ ക്ഷേത്രത്തിൽ സമാപിക്കും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000690400-7.jpg)

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായാണ് ശ്രീകൃഷ്ണനെ ഹിന്ദു വിശ്വാസം കാണുന്നത്. ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേരുന്ന പുണ്യദിനമാണ് കേരളത്തിൽ അഷ്ടമിരോഹിണി എന്ന പേരിൽ ആഘോഷിക്കുന്നത്. ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി, ജന്മാഷ്ടമി, ശ്രീ ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. ദ്വാപരയുഗത്തിന്റെ അവസാനത്തിൽ മഥുരയിലെ കാരാഗൃഹത്തിൽ വസുദേവരുടെയും ദേവകിയുടെയും എട്ടാമത്തെ പുത്രനായി ശ്രീകൃഷ്ണൻ അവതരിച്ചുവെന്നാണ് പുരാണവിശ്വാസം. അധർമ്മം ശക്തിപ്പെട്ട കാലത്ത് ധർമ്മ സംരക്ഷണത്തിനായി മഹാവിഷ്ണു കൃഷ്ണരൂപത്തിൽ അവതരിച്ചതിന്റെ ഓർമ്മയാണ് ഈ ആഘോഷത്തിന്റെ അടിസ്ഥാനം. അർധരാത്രിയിൽ ജനിച്ച കൃഷ്ണനെ വസുദേവർ അമ്പാടിയിലെ നന്ദഗോപരുടെയും യശോദയുടെയും അടുത്തെത്തിച്ചു. അവിടെയാണ് ഉണ്ണിക്കണ്ണൻ ബാല്യകാലം ചെലവഴിച്ചത്. വെണ്ണമോഷണവും കൂട്ടുകാരോടൊത്തുള്ള കളികളും പശുക്കളോടുള്ള സ്നേഹവും നിറഞ്ഞ കൃഷ്ണന്റെ ബാലലീലകൾ ഭക്തിയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങളായി മാറി. പിന്നീട് കംസന്റെ അധർമ്മത്തിന് അന്ത്യം കുറിക്കുകയും കുരുക്ഷേത്രത്തിൽ അർജുനന് ഭഗവദ്ഗീത ഉപദേശിച്ച് കർത്തവ്യത്തിന്റെയും ധർമ്മത്തിന്റെയും ജ്ഞാനത്തിന്റെയും മഹത്തായ സന്ദേശം നൽകുകയും ചെയ്തു. കേരളത്തിൽ അഷ്ടമി രോഹിണിക്ക് ക്ഷേത്രാചാരങ്ങൾക്കൊപ്പം വലിയ ജനകീയ പങ്കാളിത്തവുമുണ്ട്. കുട്ടികളെ ഉണ്ണിക്കണ്ണനായും രാധയായും ഗോപികമാരായും ഗോപന്മാരായും അണിയിച്ചൊരുക്കുന്നത് ആഘോഷത്തിന്റെ പ്രധാന ആകർഷണമാണ്. വീടുകളിൽ അരിമാവ് കൊണ്ട് കൃഷ്ണന്റെ പാദചിഹ്നങ്ങൾ വരയ്ക്കുന്നതും വെണ്ണ, അവൽ, പാൽ, പഴങ്ങൾ, നെയ്യ് തുടങ്ങിയവ നിവേദിക്കുന്നതും പതിവാണ്. ബാലഗോകുലങ്ങളുടെയും ക്ഷേത്രങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകൾ അഷ്ടമിരോഹിണിയുടെ ജനകീയ മുഖമായി മാറിയിട്ടുണ്ട്. കൃഷ്ണ വേഷമണിഞ്ഞ കുട്ടികൾ, രാധ, ഗോപികമാർ, ഗോപന്മാർ, യശോദ, നന്ദഗോപൻ തുടങ്ങിയ കഥാപാത്രങ്ങൾ അണിനിരക്കുന്ന യാത്രകളിൽ കൃഷ്ണലീലകളെ ആസ്പദമാക്കിയ നിശ്ചലദൃശ്യങ്ങളും ഭജനകളും വാദ്യമേളങ്ങളും ഉണ്ടാകും. ഉറിയടി, കൃഷ്ണലീലാ അവതരണം തുടങ്ങിയവയും പല പ്രദേശങ്ങളിലെയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു.