> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം ഇന്ന്. നാടെങ്ങും ആഘോഷ പരിപാടികൾ
- URL: https://www.vaikomvartha.com/sreenarayana-guru-jayanthi/
- Published: 2026-08-28T02:18:11.000Z
- Updated: 2026-08-28T13:30:54.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: കേരളത്തിന്റെ നവോത്ഥാന നായകനും ദാർശികനുമായ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം ഇന്ന് നാടെങ്ങും വിപുലമായ ആഘോഷങ്ങളോടെ ആചരിക്കും.

ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ (എസ്.എൻ.ഡി.പി) നേതൃത്വത്തിൽ സംസ്ഥാനത്തുടനീളമുള്ള യൂണിയനുകളുടെയും ശാഖകളുടെയും കീഴിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗുരുദേവന്റെ ജന്മസ്ഥലമായ ചെമ്പഴന്തി വയ്യവാരം വീട്, ശിവഗിരി മഠം എന്നിവയോടൊപ്പം നാടൊകെയും പ്രത്യേക പ്രാർത്ഥനകൾ, ഗുരുപൂജ, പുഷ്പാർച്ചന, സർവ്വമത സമ്മേളനങ്ങൾ, വിദ്യാരംഭ ചടങ്ങുകൾ എന്നിവ നടക്കും. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം വിളിച്ചോതുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രകളും, അന്നദാനവും, സമൂഹ പ്രാർത്ഥനകളും ചതയദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000679695.jpg)

കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഗുരുജയന്തി അതീവ വിഭൂതിയോടെയാണ് ആഘോഷിക്കുന്നത്.

കോട്ടയം ജില്ലയിൽ വൈക്കം, കുമരകം, കോട്ടയം മേഖലകളിലെ ശാഖകളുടെയും യൂണിയനുകളുടെയും നേതൃത്വത്തിൽ വൈക്കത്ത് ശാഖകളെയും പോഷക സംഘടനകളെയും അണിനിരത്തി നഗരത്തെ പീതസാഗരമാക്കുന്ന ചതയദിന മഹാഘോഷയാത്രയും ആശ്രമം സ്‌കൂൾ മൈതാനിയിൽ പൊതുസമ്മേളനവും നടക്കുന്നുണ്ട്. കുമരകത്ത് പ്രശസ്തമായ ശ്രീനാരായണ ജയന്തി വള്ളംകളിയും ശാഖകൾ കേന്ദ്രീകരിച്ച് ജയന്തി സദ്യയും സമൂഹപ്രാർത്ഥനയും ഒരുക്കിയിട്ടുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000682569-1.jpg)

പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട, റാന്നി, കോഴഞ്ചേരി താലൂക്ക് യൂണിയനുകൾക്ക് കീഴിലുള്ള വിവിധ ശാഖകളിൽ രാവിലെ പ്രത്യേക പൂജകളും ഗുരുപുഷ്പാഞ്ജലിയും നടന്നു. റാന്നിയിലും പരിസര പ്രദേശങ്ങളിലും പീതാംബരധാരികളായ ആയിരക്കണക്കിന് ശ്രീനാരായണീയർ അണിനിരക്കുന്ന സാംസ്കാരിക ഘോഷയാത്ര, വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, പ്രതിഭാ പുരസ്കാര വിതരണം, ജയന്തി സമ്മേളനങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ ചേർത്തല, കണിച്ചുകുളങ്ങര, മാന്നാർ, ചെങ്ങന്നൂർ തുടങ്ങിയ യൂണിയനുകളുടെ നേതൃത്വത്തിൽ വിപുലമായ ചതയദിന സംയുക്ത മഹാസമ്മേളനങ്ങളും ഘോഷയാത്രകളും നടക്കുന്നു. താലപ്പൊലിയും വാദ്യമേളങ്ങളും ഫ്ലോട്ടുകളും അണിനിരക്കുന്ന വിളംബര ഘോഷയാത്രകൾക്ക് പുറമെ, നിർദ്ധനരായ രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണവും മെരിറ്റ് ഈവനിംഗും വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്. ഗുരുദേവന്റെ മാനവിക ദർശനങ്ങളും നവോത്ഥാന സന്ദേശങ്ങളും പുതുതലമുറയിലേക്ക് എത്തിക്കുന്ന പ്രഭാഷണങ്ങളും ഇതോടൊപ്പം വിവിധ ചടങ്ങുകളിൽ നടക്കുന്നുണ്ട്.