> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഫുട്ബോൾ ആവേശവുമായി സപ്ലൈകോ; ആരാധകർക്ക് വൻ ഓഫറുകൾ
- URL: https://www.vaikomvartha.com/supplyco-football-offer/
- Published: 2026-06-12T11:06:09.000Z
- Updated: 2026-06-12T11:06:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: ഫുട്ബോൾ ആരാധകർക്ക് ആവേശവുമായി സപ്ലൈകോയും. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കും ഫുട്ബോൾ ആരാധകർക്കുമായി സപ്ലൈകോ സോക്കർ ഇലവൻ പ്രത്യേക ഓഫർ നടപ്പിലാക്കുന്നു ജൂൺ 15 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് വിലക്കിഴിവുകൾ ഏർപ്പെടുന്നത്.  
ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നത്തിന് നൽകുന്നത്. അതായത് ഒരു മത്സരത്തിൽ ബ്രസീൽ മൂന്ന് ഗോൾ നേടിയാൽ ശബരി മഞ്ഞൾപ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും. ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ ഇതിനായി പരിഗണിക്കില്ല കേട്ടോ. ഓരോ ടീമിന്റെയും വിലക്കിഴിവ് നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തിൽ ഉണ്ടാകുക. തുടർന്ന് പുതിയ മത്സരത്തിലെ ഗോൾ നേട്ടത്തിൻ്റെ അടിസ്‌ഥാനത്തിൽ വിലക്കിഴിവ് പുതുക്കി നിശ്ചയിക്കും. ഒരു ടീം ലോകകപ്പിൽ നിന്ന് പുറത്താകുന്ന ഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട ഓഫറും അവസാനിക്കും.

ബ്രസീൽ, ജർമ്മനി, നെതർലാൻഡ്, സ്പെയിൻ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, പോർച്ചുഗൽ, ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകളാവും സപ്ലൈകോ ഇലവൻ പദ്ധതിയിൽ വരുന്നത്

ഇടീമുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നങ്ങൾ ഇങ്ങനെ:  
ബ്രസീൽ - ശബരി മഞ്ഞൾപ്പൊടി  
ജർമ്മനി - ശബരി അപ്പംപൊടി  
നെതർലാൻഡ് - ശബരി സാമ്പാർപൊടി  
സ്പെയിൻ - ശബരി പുട്ടുപൊടി  
അർജന്റീന - ശബരി പായസംമിക്സ‌്  
ബെൽജിയം - ശബരി സൂപ്പർ ഫൈൻ ഡസ്‌റ്റ് ടീ  
പോർച്ചുഗൽ - ശബരി മുളകുപൊടി  
ക്രൊയേഷ്യ - ശബരി വെളിച്ചെണ്ണ  
ഇംഗ്ലണ്ട് - ശബരി ഉപ്പ്  
മൊറോക്കോ ശബരി ഹോട്ടൽബ്ലെൻഡ് ടീ  
ഫ്രാൻസ് - ശബരി ഗോൾഡ് ടീ

ഇതിൽ 11 ടീമുകളിൽ ഏതെങ്കിലും ഒരു ടീം ലോകകപ്പ് നേടുകയാണെങ്കിൽ ആ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നം ഉപഭോക്താക്കൾക്ക് പ്രത്യേക അധിക വിലക്കുറവിലും കിട്ടും. ലോകകപ്പ് ആവേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ പ്രത്യേക ഓഫർ പദ്ധതി ഫുട്ബോൾ ആരാധകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആവേശകരമായ അനുഭവമാകുമെന്നാണ് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അറിയിക്കുന്നത്. സപ്ലൈകോ വില്പനശാലകളിൽ നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഈ ഫുട്ബോൾ ആനുകൂല്യം കിട്ടുന്നത്.