> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സുരക്ഷാ കവചമൊരുക്കി തേജസ് നഗർ:അസോസിയേഷൻ അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ
- URL: https://www.vaikomvartha.com/surkssaa-kvcmorukki-teejs-ng-asoosiyeess-angngng-kk-i-ssurr-s-prirkss/
- Published: 2026-03-07T06:56:11.000Z
- Updated: 2026-03-07T06:56:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: തേജസ് നഗർ റസിഡന്റ്സ് അസോസിയേഷനിലെ മുഴുവൻ കുടുംബങ്ങൾക്കും സുരക്ഷാ കവചമൊരുക്കി തേജസ് നഗർ റസിഡന്റ്സ് അസോസിയേഷൻ. അസോസിയേഷനിലെ മുഴുവൻ അംഗങ്ങളെയും ഇൻഡ്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി മാതൃകയായിരിക്കുകയാണ് റസിഡന്റ്സ് അസോസിയേഷൻ. റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് അംഗങ്ങളുടെയും കുടുംബങ്ങളുടെയും ഭാവി സുരക്ഷ മുൻനിർത്തി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പോസ്റ്റ് ഓഫീസ് ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന പരിരക്ഷ ഉറപ്പാക്കുന്ന പ്ലാനിലാണ് അംഗങ്ങളെ ചേർത്തിരിക്കുന്നത്. അപകടം മൂലമുള്ള മരണത്തിനോ വൈകല്യങ്ങൾക്കോ സാമ്പത്തിക സഹായം. അപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ കിടത്തിച്ചികിത്സയ്ക്കും ഒ.പി വിഭാഗത്തിലും സാമ്പത്തിക പരിരക്ഷ ലഭിക്കും. പോളിസി ഉടമയ്ക്ക് അപകടം സംഭവിച്ചാൽ മക്കളുടെ വിദ്യാഭ്യാസത്തിന് നിശ്ചിത തുക സഹായമായി ലഭിക്കുന്ന വ്യവസ്ഥയും ഇതിലുണ്ട്. സാധാരണക്കാർക്ക് താങ്ങാനാവുന്ന പ്രീമിയത്തിൽ സർക്കാർ സ്ഥാപനമായ ഇന്ത്യ പോസ്റ്റിന്റെ വിശ്വാസ്യതയിൽ നടപ്പിലാക്കുന്ന പദ്ധതിയായതിനാലാണ് അംഗങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക ക്യാമ്പിലൂടെയാണ് അംഗങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഒരു പ്രദേശത്തെ മുഴുവൻ ആളുകളെയും ഒന്നിച്ച് ഇൻഷുറൻസ് പരിരക്ഷയിൽ കൊണ്ടുവരുന്നത് മറ്റ് റസിഡന്റ്സ് അസോസിയേഷനുകൾക്കും അനുകരണീയമായ പ്രവർത്തനമാണ്. ക്യാമ്പിൽ ഇന്ത്യ പോസ്റ്റ് പെയ്മെൻ്റ് ബാങ്ക് മാനേജർ ഡോൺ മാത്യു, അസിസ്റ്റൻ്റ് മാനേജർ രേഷ്മ ജോസ്, സജിത്ത്, നോജൻ ബാബു, മഞ്ജുഷ, ലിജമോൾ എന്നിവർ ഇൻഷുറൻസ് സംബന്ധമായി വിശദീകരണം നൽകി. അസോസിയേഷൻ പ്രസിഡൻ്റ് വിനോദ് കുമാർ, ഭാരവാഹികളായ സിറിയക് ജോണി, കൃഷ്ണകുമാർ, ശെൽവരാജ്, ടി.കെ. വിജയൻ, സുനിൽ ബാലകൃഷ്ണൻ, കൃഷ്ണമ്മ ഹരികുമാർ, അമ്പിളി വിനോദ് എന്നിവർ നേതൃത്വം നൽകി.