> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തുകാർ മറന്ന ടി.കെ. ജോൺ
- URL: https://www.vaikomvartha.com/t-k-john-vaikom-malavika/
- Published: 2026-06-11T06:10:04.000Z
- Updated: 2026-06-11T06:10:04.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: നാടകകലയിലൂടെ വൈക്കം എന്ന നാടിനെ പുറംലോകത്ത് അടയാളപ്പെടുത്തിയ കലാകാരനായിരുന്നു ടി.കെ. ജോൺ എന്ന വൈക്കംകാരൻ. വൈക്കം മാളവിക എന്ന നാടകസമിതിയുടെ നാടകങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ നാടകക്കാരൻ. ഒരുകാലത്ത് വൈക്കം മാളവിക എന്ന പേര് കേരളത്തിലെ നാടക ലോകത്തിന് ആവേശമാക്കി മാറ്റിയ നാടകസ്നേഹി. ജീവിതം നാടകത്തിനു വേണ്ടി മാത്രമാണ് എന്നുറപ്പിച്ച മനുഷ്യനായിരുന്നു ടി.കെ. ജോൺ. വൈക്കം തുരുത്തിക്കര വീട്ടിൽ കുര്യന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ച ടി.കെ. ജോൺ ഇരുപതാമത്തെ വയസ്സിൽ നാടക അഭിനയം തുടങ്ങി. തകർന്ന ഹൃദയം, ചെകുത്താനും ചെങ്കോലും, രാവും പകലും തുടങ്ങിയ നാടകങ്ങളിലൂടെ അമച്ച്വർ നാടകവേദിയിൽ എത്തിയ ജോൺ, വൈക്കം ചന്ദ്രശേഖരൻ നായരുടെ ഡോക്ടർ, ജനനി, ജന്മഭൂമി, എൻ.എൻ പിള്ളയുടെ ആത്മബലി, പൊൻകുന്നം വർക്കിയുടെ അൾത്താര കെ.ടി മുഹമ്മദിൻ്റെ കടൽപ്പാലം, കാളിദാസ കലാ കേന്ദ്രത്തിൻ്റെ മുത്തുച്ചിപ്പി, സി.ജി. ഗോപിനാഥന്റെ തപസ്സ്, കുരുതിക്കളം, ബ്രഹ്മാസ്ത്രം, ആറ്റിങ്ങൽ ദേശാഭിമാനിയുടെ മോചനം നാളെ, എസ്.എൽ പുരത്തിന്റെ അഗ്‌നിസാക്ഷി, സത്രം തുടങ്ങിയവയായിരുന്നു നാടകങ്ങൾ. ഒ. മാധവൻ, കാലാക്കൽ കുമാരൻ, മണവാളൻ ജോസഫ്, വർഗീസ് തിട്ടേൽ, നെല്ലിക്കോട് ഭാസ്കരൻ, കെ.പി ഉമ്മർ വൈക്കം സുകുമാരൻ നായർ, കവിയൂർ പൊന്നമ്മ, വിജയകുമാരി തുടങ്ങിയവരുടെ കൂടെ അഭിനയിച്ചു. പി.കെ വിക്രമൻ നായരിൽ നിന്നും സംവിധാനം പഠിച്ചു. അതിനു ശേഷമാണ് വൈക്കം മാളവിക എന്ന സ്വന്തം നാടകസമിതി രൂപീകരിച്ചത്. വൈക്കം ചന്ദ്രശേഖരൻനായരുടെ വെളിച്ചമേ നയിച്ചാലും, പി.ജെ. ആൻ്റണിയുടെ പ്രളയം, പൊൻകുന്നം വർക്കിയുടെ തിരുവാതിര, സുന്ദരൻ കല്ലായിയുടെ അംഗം, രാജസൂയം, കാദംബരി, ചെറിയന്നൂർ ജയ പ്രസാദിന്റെ ഹിമരേഖ, സീ പാലസ്, എ.കെ. ലോഹിത ദാസിൻ്റെ അവസാനം വന്ന അതിഥി, സ്വർണ്ണ ചാമരം, സി.കെ ശശിയുടെ പഴശ്ശിരാജ, ചെമ്പിൽ അരയൻ എന്നീ പ്രശസ്ത നാടകങ്ങൾ രംഗത്ത് എത്തിച്ചു ടി.കെ. ജോൺ. കേരളത്തിനകത്തും പുറത്തുമായി പതിനായിരത്തിലധികം വേദികളിലാണ് ടി.കെ. ജോൺ നാടകം അവതരിപ്പിച്ചത്. പിന്നീട് കന്മദം, വജ്രം, അരയന്നങ്ങളുടെ വീട്, ബാലേട്ടൻ തുടങ്ങിയ സിനിമകളിലും കഥാപാത്രങ്ങളായി സ്ക്രീനിലെത്തിയ ജോണിൻ്റെ ജീവിത നാടകത്തിൻ്റെ തിരശ്ശീല വീണത് 2017 ജൂൺ പതിനൊന്നിനാണ്. കേരളത്തിനകത്തും പുറത്തുമായി നിരവധി അംഗീകാരങ്ങൾ നേടിയ ടി.കെ. ജോണിനെ തേടി കേരള നാടക സംഗീത അക്കാദമിയിലെ ഗുരുപൂജ പുരസ്കാരവും എത്തിയിരുന്നു. കേരള സംഗീത നാടകഅക്കാദമിയുടെ ഫെലോഷിപ്പ് നേടിയ നാടകക്കാരൻ കൂടിയായിരുന്നു ജോൺ. ഒരു കാലത്ത് നാടകത്തെ കേരളത്തിൻ്റെ വികാരമാക്കി മാറ്റിയ ടി.കെ ജോണിനെ വൈക്കത്തുകാർ തന്നെ മറന്ന മട്ടാണ്.