> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അറിയാ കാലത്തെ അത്ഭുതചരിത്ര നിർമ്മിതിയായി ടി.വി. പുരം ശ്രീരാമ ക്ഷേത്രം
- URL: https://www.vaikomvartha.com/t-v-puram-sreeramaswami-temple/
- Published: 2026-07-09T05:27:06.000Z
- Updated: 2026-07-09T05:27:06.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Vaikom Featured 1

വൈക്കം: തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അപൂർവ്വം ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നായ വൈക്കം ടി.വി പുരത്തെ തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രം രാമായണ മാസാചരണത്തിന് ഒരുങ്ങുന്നു. വൈക്കത്തുനിന്നും ആറു കിലോമീറ്റർ തെക്കുമാറി വേമ്പനാട്ടു കായലിന്റെ തീരത്താണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് രണ്ടു കിലോമീറ്റർ കിഴക്കുമാറി ദേശ ദേവതയായ മൂത്തേടത്തുകാവിലമ്മയുടെ ക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഈ രാമക്ഷേത്രം നിർമ്മിച്ചതാരെന്നും കാലമേതെന്നുമെന്നുള്ള യാതൊരു രേഖയും ലഭ്യമല്ല. എന്നാൽ ലഭ്യമാകുന്ന രേഖകൾ പ്രകാരം ഏറ്റവും പ്രാചീന മലയാള ലിപിയായ വട്ടെഴുത് ഇവിടുത്തെ വലിയ ബലികല്ലിൽ കാണാൻ കഴിയും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000610074.jpg)

ബലി കല്ലിലെ വട്ടെഴുത്ത്

1750 ന് മുമ്പ് ഇവിടം ഭരിച്ചിരുന്ന, കടുത്തുരുത്തി രാജ്യതലസ്ഥാനമായ വടക്കംകൂർ രാജാവംശം, കടുത്തുരുത്തിയിൽ പ്രശസ്തമായ തളിയിൽ മഹാദേവ ക്ഷേത്രമുണ്ടായിട്ടും അനന്തിരാവകാശികൾക്ക് ഉടവാൾ കൈമാറിയിരുന്നതും രാജാധികാരം കൈമാറുന്ന ആഘോഷചടങ്ങുകൾ നടത്തിയിരുന്നതും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ വച്ചായിരുന്നു എന്നാണ് ലഭ്യമായിട്ടുള്ള വിവരങ്ങൾ. ഇത് വടക്കംകൂർ രാജ വംശത്തിന് ഈ ക്ഷേത്രവുമായുള്ള അഭേദ്യമായ ബന്ധവും പൗരാണികതയും എടുത്തു കാട്ടുന്നതാണ്. ഇവിടുത്തെ പ്രധാന ഉപദേവതാസ്ഥാനം വടക്കംകൂർ രാജ വംശത്തിന്റെ കുല ദേവാദനായ ശാസ്താവിന്റെയാണ്. പൂർണ്ണ പുഷ്കലാ സമേതനായ ശാസ്താവിന്റെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലേത്. മുഖമണ്ഡപവും ചുറ്റമ്പലവുമെല്ലാം ദാരു ശില്പങ്ങളാലും കരിങ്കല്ലിലുള്ള കൊത്ത്‌ പണികളാലും സമ്പന്നമാണ്. ഇന്നത്തെ പോലെ കരമാർഗ്ഗമുള്ള യാത്രാ സൗകര്യം ഇല്ലാതിരുന്നൊരു കാലഘട്ടത്തിൽ ഇത്രയും ബ്രഹത്തായൊരു ക്ഷേത്രം ഇവിടെ കായലോരത്ത് പണിതുവെന്നുള്ളത് ശ്രദ്ധേയമാണ്. ക്ഷേത്രത്തിന്റെ ചതുര ശ്രീകോവിൽ ഉയർന്നതും രണ്ടു നിലകളോട് കൂടിയതുമാണ്. ഭിത്തിയിലുള്ള ശില്പങ്ങൾ സുർക്കിയിൽ നിർമ്മിച്ചതാവാമെന്നാണ് പറയുന്നത്. എന്നാൽ പരിപാലനത്തിൻ്റെ അപാകതകൾ ശില്പങ്ങളുടെ സൂക്ഷ്മ ഭാവങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. മുനിമാരും ദേവന്മാരുമൊക്കെ മാളികയിലെ മോന്തായം താങ്ങിയുള്ള ദാരു ശില്പങ്ങളായി ഇവിടെ കാണാം. ചെമ്പ് മേഞ്ഞ മേൽക്കൂരയാണ് ശ്രീകോവിലിന്റേത് എന്നത് സമ്പന്നമായ ഒരു കാലഘട്ടത്തിന്റെ പ്രതീകം കൂടിയാണ് ഈ ക്ഷേത്രം എന്ന് കൂടി എടുത്തു കാട്ടുന്നു. പണ്ട് വിഷ്‌ണു ക്ഷേത്രമായിരുന്ന ഇവിടം പിന്നീട് ശ്രീരാമ സങ്കല്പത്തിലേയ്ക്ക് മാറിയതാവാമെന്നും പറയുന്നുണ്ട്. തിരുപ്പതിയിലെ മഹാ വിഷ്ണു ബിംബത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ.  
ആറടി ഉയരമുള്ള കൃഷ്ണശിലയിൽ പഞ്ചലോഹം പൊതിഞ്ഞ് ശഖ്, ചക്രം, പത്മം എന്നിവയോടുകൂടി ചതുർബാഹുവായ ശ്രീരാമദേവന്റെ ശ്രീകോവിലിനു മുൻ വശത്തു പ്രത്യേക ശ്രീകോവിലിൽ ഹനുമാൻ സ്വാമിയും കുടികൊള്ളുന്നുണ്ട്. ഞായറാഴ്ച ദിവസങ്ങളിൽ ഹനുമാൻ സ്വാമിയുടെ തിരുനടയിൽ കാര്യാ സിദ്ധി പൂജയും കുങ്കുമാഭിഷേകവും നടക്കാറുണ്ട്. എലി കടിച്ചാലുണ്ടാവുന്ന വിഷമങ്ങൾ ശമിക്കാൻ ക്ഷേത്രത്തിന് സമീപമുള്ള എലികുളത്തിൽ കുളിച്ചാൽ മതിയാകും എന്നൊരു വിശ്വാസം ഇവിടെയുണ്ട്. എന്നാൽ ഈ കുളം ഇന്ന് സ്വകാര്യ വ്യക്തിയുടെതായായി മാറിയിട്ടുണ്ട്. ഒരു അറിയാകാലഘട്ട നിർമ്മാണ വൈഭവം കാണാനാവുന്ന ഈ ക്ഷേത്രത്തിൽ രാമായണ മാസമായതോടെ ഇനി കർക്കിടകം1 മുതൽ 31 ദിവസം രാമകഥയുടെ ശീലുകൾ ഉയരും.