> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപറമ്പ് ബസ് സ്റ്റാൻഡ് കവാടത്തിലെ അപകടക്കെണി: അനാസ്ഥയ്‌ക്കെതിരെ വാഴനട്ട് പ്രതിഷേധം
- URL: https://www.vaikomvartha.com/thalayolaparambu-bus-stand/
- Published: 2026-08-19T13:53:17.000Z
- Updated: 2026-08-22T00:58:52.000Z
- Description: ബി.ഒ.ടി കരാറുകാരുടെയും പഞ്ചായത്തിന്റെയും അനാസ്ഥ. യാത്രക്കാർക്ക് ഭീഷണിയായി ബസ് സ്റ്റാൻഡ് കവാടത്തിൽ വൻ കുഴികൾ
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: തലയോലപറമ്പ് ബസ് സ്റ്റാൻഡ് കവാടത്തിലെ അപകട കുഴികൾ നികത്താൻ നടപടിയില്ല. പ്രതിഷേധിച്ച ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് കുഴിയിൽ വാഴ നട്ടു. ഇന്നലെ വൈകുന്നേരമാണ് നാടിൻ്റെ പ്രതിഷേധമുയർന്നത്. ചൊവ്വാഴ്ച രാവിലെ സ്റ്റാൻഡിൽ നിന്ന് പുറത്തേക്കെടുത്ത ബസ് കുഴിയിലിറങ്ങിയപ്പോൾ ബസിലേക്ക് കയറിയ വീട്ടമ്മ പിടിവിട്ട് താഴെ വീണിരുന്നു. ആ സമയം മറ്റ് വാഹനങ്ങൾ വരാതിരുന്നതിനാലാണ് ദുരന്തമൊഴിവായത്. 

സ്റ്റാൻഡിലേയ്ക്ക് എത്തുന്ന ബസുകൾ കുഴിയിൽപ്പെട്ടുന്നതോടെ പ്രധാന നിരത്തിൽ ഗതാഗതക്കുരുക്കും പതിവാണ്. തലയോലപറമ്പിലെ ബസ് സ്റ്റാൻഡും അനുബന്ധിച്ചുള്ള വ്യാപാര സമുച്ചയവും സ്വകാര്യ സ്ഥാപനം ബി.ഒ.ടി വ്യവസ്ഥയിൽ നിർമിച്ചതിനാൽ ബസ് സ്റ്റാൻഡിൽ നിന്നും വ്യാപാര സമുച്ചയത്തിൽ നിന്നുമുള്ള ഫീസ് പിരിവും മുറിവാടകയുമൊക്കെ സ്വകാര്യ സ്ഥാപനമാണ് ഈടാക്കുന്നത്. ദിവസേന 75 ഓളം സ്വകാര്യ ബസുകൾ മാത്രം സ്റ്റാൻഡിൽ എത്തുന്നുണ്ട്. ഈ ബസുകളിൽ നിന്ന് തന്നെ ഫീസിനത്തിൽ നല്ലൊരു തുക ലഭിക്കുമെന്നിരിക്കെയാണ് നിരവധി അപകടങ്ങൾ നടന്നിട്ടും സ്റ്റാൻഡിലെ കുഴികൾ അടക്കുന്നതിൽ ബന്ധപ്പെട്ടവർ അനാസ്ഥ കാട്ടുന്നതെന്നാണ് പരാതി. ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലാണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660428-4.jpg)

എന്നിട്ടും തൊട്ടുമുന്നിലെ കുഴിയടക്കുന്ന കാര്യത്തിൽ പഞ്ചായത്തും ഇടപെടാത്തതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. കോട്ടയം-തലയോലപറമ്പ് റോഡിനോട് ചേർന്നുള്ള സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഇൻ്റർ ലോക്ക് കട്ടകകളടക്കം തകർന്ന് വൻ കുഴികൾ അപകട കാരണമാകുന്നത്. ഈ കുഴികൾ കാരണം സ്റ്റാൻഡിലേക്ക് കയറുന്ന ബസുകൾക്ക് മാത്രമല്ല പ്രധാന നിരത്തിലൂടെ കടന്നു പോകുന്ന കാൽ നട യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ബസുകൾ കയറാനും ഇറങ്ങാനം ഈ ഒരു വഴി മാത്രമാണ് സ്റ്റാൻഡിലുള്ളത് എന്നതും അപകടസാധ്യത കൂട്ടുകയാണ്.