> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം
- URL: https://www.vaikomvartha.com/thalayolaparambu-news-12-2/
- Published: 2026-08-11T06:58:51.000Z
- Updated: 2026-08-12T12:59:02.000Z
- Description: തലയോലപറമ്പ്: വെള്ളൂർ പഞ്ചായത്ത് 11ാം വാർഡിൽ ഉൾപ്പെട്ട വടകര പാടശേഖരവും സമീപത്തെ മണൽ കുഴികളും മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നതായി പരാതി.
- Author: എസ്. സതീഷ്കുമാർ
- Tags: Main News

തലയോലപറമ്പ്: വെള്ളൂർ പഞ്ചായത്ത് 11ാം വാർഡിൽ ഉൾപ്പെട്ട വടകര പാടശേഖരവും സമീപത്തെ മണൽ കുഴികളും മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നതായി പരാതി. വടകര ചോതിക്കുന്ന് റോഡിന് സമീപം 70 ഏക്കർ വിസ്തൃതിയുള്ള ഇരിപ്പൂ കൃഷി നടക്കുന്ന വടകര പാടശേഖരത്തിലും സമീപത്തെ മണൽകുഴികളിലും ചത്ത നായയും പന്നിയും പ്രത്യേക കൂടുകളിലാക്കി ഒട്ടിച്ച് രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുകയാണ്. 

സമീപത്ത് വീടുകളില്ലാത്ത ഈ ഭാഗത്ത് കടുത്ത ദുർഗന്ധം വമിക്കുന്നതിനാൽ വാഹന യാത്രികർക്കും കാൽനടക്കാർക്കും മുക്ക് പൊത്തിമാത്രമേ ഇതു വഴി കടന്നു പോകാനാകു. കഴിഞ്ഞ രണ്ട് വർഷമായി ജൈവ അജൈവ മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ചത്ത നിരവധി നായ്ക്കളെ അടക്കം ചെയ്ത കടലാസുപെട്ടിയിൽ എറണാകുളത്തെ പെറ്റ് ഹോസ്പിറ്റലിൻ്റെ പേരെഴുതിയിട്ടുണ്ട്. ഇന്നലെ സമീപത്തെ തോട്ടിൽ ചൂണ്ടയിടാനെത്തിയവരാണ് വെട്ടിക്കാട്ട് മുക്ക്- ചോതിക്കുന്നം റോഡിനോട് ചേർന്നുള്ള പാടത്ത് നിരവധി കടലാസ് പെട്ടികളും ചാക്കു കെട്ടുകളും കണ്ടത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-30.jpg)

ഇവർ വിവരം പഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ്, ജില്ലാപഞ്ചായത്ത് അംഗം എം.കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ഷാജി, തലയോലപറമ്പ് പോലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പാടശേഖരത്തിൻ്റെ പല ഭാഗങ്ങളിലും മാലിന്യം നിറഞ്ഞ് മലിനമായതോടെ പാടത്തിറങ്ങുന്നവരുടെ ദേഹം ചൊറിഞ്ഞ് പൊട്ടുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.