> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പോയ കാലത്തിന്റെ ഓർമ പുതുക്കി 'നാട്ടു വർത്തമാനം '
- URL: https://www.vaikomvartha.com/thalayolaparambu-news-25/
- Published: 2026-09-30T10:29:48.000Z
- Updated: 2026-09-30T10:56:17.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ഇഴ പിരിച്ച ഓർമകളിലെ ഒരിക്കലും മങ്ങാത്ത ദൃശ്യങ്ങളും, മുഖങ്ങളും ഒരിക്കൽ കൂടി പൊടി തട്ടിയെടുത്തപ്പോൾ സ്മരണകളുടെ സെല്ലുലോയിഡിൽ തെളിഞ്ഞത് അര നൂറ്റാണ്ട് മുൻപുള്ള കേരളീയ ജീവിതം. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'നാട്ടു വർത്തമാനം സൗഹൃദ കൂട്ടായ്മ 'പോയ കാലത്തിലേക്കുള്ള തിരിച്ചു പോക്കായി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016-23.jpg)

ഓർമയുടെ വള പൊട്ടുകളിൽ നിന്ന് ചികഞ്ഞെടുത്ത അനുഭൂതികളിലും, ഓർമകളിലുമായിരുന്നു ഇന്നലെ അവർ. ഒന്നിനോടും ആർത്തിയില്ലാതെ, മത്സരമില്ലാതെ,സ്വപ്നങ്ങൾ കണ്ടുറങ്ങിയവർ. പുസ്തകതാളുകളിൽ നിന്ന് നേടാനാവാത്തത് പ്രകൃതിയിൽ നിന്ന് കണ്ടറിഞ്ഞ നാളുകൾ, നാലണയുടെ തറടിക്കറ്റെടുത്തു സിനിമാ കൊട്ടകയിലെ പൂഴിമണലിലിരുന്നു സിനിമ കണ്ട കാലം, ലാഭനഷ്ടങ്ങൾ നോക്കാത്ത നാട്ടു ചന്തകളിലെ വഴി വാണിഭം, ഒരിക്കലും മടുക്കാത്ത കേരളീയ രുചികൂട്ടുകൾ. ഓർമ്മകൾ കൊണ്ടു മാത്രമേ ചരിത്ര നിർമിതിയുണ്ടാകൂവെന്ന് നാട്ടോർമയിൽ പങ്കെടുത്തവർ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു.

'നാട്ടു വർത്തമാനം സൗഹൃദ കൂട്ടായ്മ ' മാധ്യമപ്രവർത്തകൻ സണ്ണിചെറിയാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ വർഗീസ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ.സി.എം. കുസുമൻ, പി. സോമനാഥൻ, കെ.ആർ. സുശീലൻ എന്നിവർ പ്രസംഗിച്ചു.