> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പ് ഡി.ബി. കോളേജിൽ കെ.എസ്. യു, എസ്.എഫ്.ഐ സംഘർഷം: എസ്.ഐക്ക് ഉൾപ്പെടെ പരിക്ക്
- URL: https://www.vaikomvartha.com/thalayolaparambu-news-26/
- Published: 2026-10-01T15:37:11.000Z
- Updated: 2026-10-01T15:37:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിൽ കെ.എസ്. യു - എസ്.എഫ്.ഐ സംഘർഷത്തിൽ പൊലീസിന് ഉൾപ്പെടെ പേർക്ക് പരിക്കേറ്റു. കെ.എസ്.യുക്കാർ കൊടിമരം സ്‌ഥാപിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. കെ.എസ്.യു കോളേജ് യൂണിറ്റ് കമ്മറ്റി രൂപീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു. ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ കോളേജ് വളപ്പിൽ നിന്നും ചെടിച്ചട്ടികൾ എറിയുകയും കെ.എസ്.യുവിന്റെ കൊടി കീറി കൊടിമരം നശിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-3.jpg)

ഇതോടെ ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ വാക്കേറ്റവും പ്രകോപനപരമായ മുദ്രാവാക്യം വിളിയും തുടങ്ങിയത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കെ.എസ്. യു സംസ്‌ഥാന ജനറൽ സെക്രട്ടറി ജിത്തു ജോസ് എബ്രഹാം യൂണിറ്റിൻ്റെ ഉദ്ഘാടനം നടത്തിയ ശേഷമായിരുന്നു സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ കെ.എസ്.യു യൂണിറ്റ് ഭാരവാഹികളായ ഷാരോൺ, സാന്ദ്ര, അന്ന, കല്യാണി എന്നിവർക്കും. എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളായ അനഖ തമ്പാൻ, എസ്. വന്ദന എന്നിവർക്കും പരിക്കേറ്റു. സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ ദിലീപ് കുമാറിൻ്റെ ഇടത് കൈ മുട്ടിനും തോളിനും പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകർ തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിയിലും, എസ്.എഫ്.ഐ പ്രവർത്തകർ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. തുടർന്ന് സി.പി.എം ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമൻ, ഏരിയ കമ്മിറ്റിയംഗം സന്ദീപ് ദേവ്, ടി.എസ്. താജു, കെ.പി.സി.സി മെമ്പർ മോഹൻ. ഡി.ബാബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു, മണ്ഡലം പ്രസിഡൻ്റ് കെ.ഡി. ദേവരാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി വിദ്യാർഥികളെ പിൻതിരിപ്പിച്ചതോടെയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന ഇരുപതോളം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.