> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി
- URL: https://www.vaikomvartha.com/thalayolaparambu-news-5-5-4/
- Published: 2026-07-27T04:43:33.000Z
- Updated: 2026-07-27T04:43:33.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

തലയോലപ്പറമ്പ്**:** ഓർമകളിൽ കഴിഞ്ഞുപോയ കാലത്തിന്റെ മധുരവും സ്നേഹത്തിന്റെ കരുതലുമായി തലമുറകൾ ഒത്തുചേർന്നപ്പോൾ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ പിറന്നത് പുതിയൊരു ചരിത്രം. ഇടവക വിശ്വാസപരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഗ്രാൻഡ് പേരന്റ്സ് ഡേ' ആചരണമാണ് വേറിട്ട അനുഭവവും വികാരനിർഭരവുമായ മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ചത്. എഴുനൂറോളം കൊച്ചുമക്കളും അഞ്ഞൂറോളം മുത്തച്ഛന്മാരും മുത്തശ്ശിമാരും പങ്കെടുത്ത സംഗമം ഭക്തിസാന്ദ്രവും സ്നേഹനിർഭരവുമായി. മുത്തച്ഛന്മാരും മുത്തശ്ശിമാരും കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് സ്നേഹമുത്തം നൽകിയപ്പോൾ അത് കണ്ടുനിന്നവരുടെ മനസ്സിലും ആർദ്രമായ നൊമ്പരമേകി. യേശുവിന്റെ മുത്തശ്ശി-മുത്തച്ഛന്മാരായ വിശുദ്ധ അന്നയുടേയും വിശുദ്ധ ജോവാക്കിമിന്റെയും തിരുനാളാണ് ഗ്രാൻഡ് പേരന്റ്സ് ഡേ ആയി ആചരിക്കുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-69.jpg)

ചടങ്ങിൽ ഇടവക വികാരി റവ. ഫാദർ സേവ്യർ ആവള്ളിൽ മുഖ്യസന്ദേശം നൽകി. മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും ആശംസകളും ആയുരാരോഗ്യവും നേർന്ന അദ്ദേഹം, മുതിർന്നവരുടെ പ്രാർഥനയാണ് ഇടവകയുടെ യഥാർത്ഥ കരുത്തെന്ന് ഓർമിപ്പിച്ചു. സഹവികാരി റവ. ഫാദർ ആൽജോ കളപ്പുരയ്ക്കൽ, വേദപാഠ വിഭാഗം ഹെഡ്മാസ്റ്റർ തോമസ് സ്കറിയ അമ്പലത്തിൽ, ഇടവക ട്രസ്റ്റി തങ്കച്ചൻ കളമ്പുകാട്ട്, വൈസ് ചെയർമാൻ ഇമ്മാനുവൽ അരയത്തേൽ, പി.സി.സി. പ്രസിഡന്റ് ജോസ്റ്റിൻ ജോസ് പന്തലാട്ട്, കൺവീനർ ഡോ. ടോമി വലിയവീട്ടിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.