> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കണ്ണുതുറക്കാതെ അധികൃതർ: ദുരന്തഭീതിയിൽ  തണ്ണീർമുക്കം ബണ്ട് റോഡ്
- URL: https://www.vaikomvartha.com/thaneermukkam-band-road/
- Published: 2026-06-09T06:10:53.000Z
- Updated: 2026-06-09T06:10:53.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam, Alappuzha

വൈക്കം: ആഴമേറിയ വേമ്പനാട്ടുകായലിന് കുറുകയുള്ള ബണ്ടിലെ റോഡ് തകർന്ന് വലിയ ദുരന്ത സാധ്യതയുണ്ടായിട്ടും കണ്ണടച്ച് അധികൃതർ. കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ടിലാണ് ഈ അപകടസ്ഥിതി. മണിക്കൂറുകളുടെ ഇടവേളകളിൽ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് ഈ വൻകുഴികൾ ദുരന്ത ഭീതിയാകുന്നത്. ബണ്ടിൽ ഭാഗത്തെ റോഡ് ടാറിങ്ങിലെ അപാകതയെ പറ്റി തുടക്കത്തിലെ പരാതി ഉയർന്നിരുന്നതാണ്. അശാസ്ത്രീയമായ റോഡ് ടാറിംഗ് നടത്തിയ കരാറുകാരനെതിരെ യാതൊരു നടപടിയെടുക്കാനും അധികൃതർ തുനിഞ്ഞില്ല. ടാറിങ് കഴിഞ്ഞ് ഏറനാളിനു മുമ്പ് തന്നെ ടാർ ഉരുകിയൊലിച്ച് ഇവിടെ അപകടസ്ഥിതി രൂപപ്പെട്ടിരുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566142-10.jpg)

പരാതി ഉയരുമ്പോൾ അറ്റകുറ്റപ്പണി നടത്തിയാണ് ഉദ്യോഗസ്ഥ ഒത്താശയോടെ കരാറുകാരൻ ഈ തട്ടിക്കൂട്ട് പണികൾ നടത്തി പണം തട്ടിയതെന്നാണ് പരാതി. ഉദ്യോഗസ്ഥരും ഈ നടപടിക്ക് കൂട്ടുനിന്നതാണ് നിലവിലെ ഈ സ്ഥിതിക്ക് കാരണമെന്നാണ് ആക്ഷേപം. ഒന്നിലധികം തവണ ഇവിടെ അറ്റകുറ്റപണി നടത്തിയതാണ്. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്ന കുഴികളുടെ ആഴമറിയാതെ എത്തുന്ന വാഹനങ്ങൾ, കുഴികളിൽ ചാടി നിയന്ത്രണം വിട്ട് കൈവരി തകർത്താൽ ആഴമേറിയ കായലിൽ പതിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. ബണ്ടിന്റെ വെച്ചൂർ ഭാഗത്തുള്ള റോഡിലാണ് ദുരന്തസാധ്യത ഏറെയുള്ള ഈ അപകടാവസ്ഥയുള്ളത്. റോഡ് നന്നാക്കാൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ഇവിടെ വൻ ദുരന്തമുണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു വലിയ ദുരന്തത്തിന് കാത്തുനിൽക്കാതെ അടിയന്തരമായി റോഡ് നന്നാക്കാൻ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്