> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തൊടിയിൽ മറഞ്ഞ തുമ്പയ്ക്ക് തോട്ടത്തിൽ ഇടം നൽകി പ്രേംനാഥ്
- URL: https://www.vaikomvartha.com/thumpa-krishi-vaikom-news/
- Published: 2026-08-17T02:03:28.000Z
- Updated: 2026-08-18T06:51:04.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: ഓണക്കാലത്ത് മുറ്റത്ത് വട്ടത്തിൽ ചാണകം മെഴുകി നടുക്ക് ചാണക ഉരുളയിൽ തുമ്പക്കുടം കുത്തി അത്തം നാളിൽ പൂക്കളമിടലിന് തുടക്കമിട്ടിരുന്ന കാലത്ത് അത്തതലേന്ന് മുതൽ മലയാളികൾ തേടുന്ന ചെടിയായിരുന്നു തുമ്പ. ഇപ്പോൾ തുമ്പ നമ്മുടെ തൊടികളിൽ അപൂർവ്വമായി. എന്നാൽ കൃഷിസ്നേഹിയായ വൈക്കം തെക്കേനട താമരശ്ശേരിൽ ടി.ജി പ്രേംനാഥ് തുമ്പ നട്ടുവളർത്തുകയാണ്. 

കർഷകദിനത്തിലെ നമ്മുടെ നാട്ടിലെ വ്യത്യസ്ഥതമായ കാഴ്ച കൂടിയാകുകയാണ് ഈ തുമ്പകൃഷി. ഒരു ഓണക്കാലത്ത് തുമ്പ എവിടെ കിട്ടും എന്ന സുഹൃത്തിൻ്റെ അന്വേഷണം ആയിരുന്നു പ്രേംനാഥിനെ തുമ്പ കൃഷിക്ക് പ്രേരിപ്പിച്ചത്. വീട്ടിലെ തൊടിയിൽ ഉണ്ടായിരുന്ന ഏതാനും തുമ്പച്ചെടികൾ പൂച്ചെട്ടികളിലാക്കി വളർത്തി. ചെറിയ പരിചരണത്തിൽ തന്നെ ചെടി ചട്ടിയിലെ തുമ്പ ചെടികൾ ആർത്തുവളർന്നു. ഇതോടെയാണ് ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ തുമ്പ കൃഷി ചെയ്യാൻ പ്രേംനാഥ് തീരുമാനിച്ചത്. ഇതോടെ പ്രേംനാഥിൻ്റെ പച്ചക്കറി തോട്ടത്തിൽ തുമ്പയും സ്ഥാനം പിടിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000656505-5.jpg)

വീടിന് സമീപത്തെ 8 സെൻറ് സ്ഥലത്ത് പച്ചക്കറി കൃഷിയും അത്യാവശ്യ ബന്ദിപ്പൂവും വളർത്തിയിരുന്ന പ്രേംനാഥ് മെയ് അവസാനമാണ് നൂറു ചുവട് തുമ്പച്ചെടികൾ നട്ടത്. ഓണക്കാലത്തിന് മുമ്പ് തന്നെ തുമ്പകൾ തുമ്പക്കുടങ്ങൾ വിടർത്തി പൂവിട്ടു തുടങ്ങി. പച്ചക്കറികൾക്ക് നൽകുന്ന അതേ പരിചരണമാണ് തുമ്പയ്ക്കും പ്രേംനാഥ് നൽകിയത്. പൂവിട്ട് കാറ്റിൽ ആടി നിൽക്കുന്ന തുമ്പച്ചെടികളിലേക്ക് ഇപ്പോൾ തേനീച്ചകളുടെ പ്രവാഹമാണ്. അത്തം തുടങ്ങിയതോടെ തുമ്പച്ചെടികൾക്ക് ആവശ്യക്കാരും എത്തിത്തുടങ്ങി. കെ.എസ്.ഇ.ബി സബ് എൻജീനിയറായിരുന്ന പ്രേംനാഥ് ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് കൃഷിയിലേക്ക് കടന്നത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വൈക്കം മേഖല പ്രസിഡൻ്റും ഹരിതാരവം കർഷക കൂട്ടായ്മയുടെ ഭാരവാഹിയും ആണ് പ്രേംനാഥ്. നിലവിൽ ഓണക്കാലത്ത് മാത്രമാണ് തുമ്പയ്ക്ക് ആവശ്യക്കാരെത്തുന്നത്. ആവശ്യക്കാർ ഉണ്ടെങ്കിൽ തുമ്പ കൃഷി വിപുലമാക്കാൻ ആണ് പ്രേംനാഥന്റെ തീരുമാനം.