> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
- URL: https://www.vaikomvartha.com/trivandram-news-4/
- Published: 2026-08-04T12:01:35.000Z
- Updated: 2026-08-04T12:01:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: കനത്ത മഴയില്‍ കണ്ണൂർ ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ (37) മൃതദേഹം കണ്ടെത്തി. തേജസ്വിനി പുഴയ്ക്ക് നടുവിലെ തുരുത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. തുരുത്തില്‍ ഒറ്റപ്പെട്ടുപോയയാളെ രക്ഷിക്കാന്‍ എത്തിയതായിരുന്നു രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റര്‍ ജിതിനും. ബെന്നിക്ക് സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനല്‍കിയ രാജേഷ് തിരിച്ചു പുഴ കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ പരിശീലകനായിരുന്നു.

  
ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ള തുരുത്തില്‍ ഒറ്റപ്പെട്ട ബെന്നിയെ കുറിച്ചുള്ള വിവരം പുറം ലോകമറിയുന്നത്. കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തിയാണ് ബെന്നിയെ രക്ഷിക്കാന്‍ രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റര്‍ ജിതിനും തുരുത്തില്‍ എത്തിയത്. രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ബെന്നിക്ക് നല്‍കി തിരിച്ച്‌ പുഴ കടക്കവെ കയറില്‍നിന്ന് പിടിവിട്ട് ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്താന്‍ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. വെള്ളത്തില്‍ തണുത്ത് ശരീരം കോച്ചിപ്പിടിച്ചതാവാം കാരണമെന്ന് സംശയിക്കുന്നു.  
അഡ്വഞ്ചര്‍ ഡിസാസ്റ്റര്‍ സൊസൈറ്റിയില്‍ അംഗമായ രാജേഷ് ഒരുമാസം മുന്‍പാണ് പരിശീലനത്തിനായി കണ്ണൂരില്‍ എത്തിയത്. ത്രോബോളില്‍ ദേശീയ ടീം അംഗവുമാണ്. കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ് ഭവനില്‍ രാജശേഖരന്റെയും ഗീതയുടെയും മകനാണ്. ഭാര്യ: ഷാഫിയ. മക്കള്‍: ആര്‍ഷന്‍, അഭിഷേക്.