> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വയലാർ അവാർഡ് രാജശ്രീയുടെ ആത്രേയകം എന്ന കൃതിക്ക്...
- URL: https://www.vaikomvartha.com/trivandram-news-6/
- Published: 2026-10-04T12:24:02.000Z
- Updated: 2026-10-04T12:24:02.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവന്തപുരം: ഈ വർഷത്തെ വയലാർ അവാർഡാണ് ആർ. രാജശ്രീയുടെ ആത്രേയകം എന്ന കൃതിക്ക് ലഭിച്ചത്. വയലാർ രാമവർമ സ്മാരക ട്രസ്റ്റ് അംഗവും കവിയുമായ പ്രഭാ വർമ്മയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം ഈ മാസം 27 ന് സമ്മാനിക്കും. ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. വയലാർ രാമവർമ്മയുടെ സ്‌മരണാർഥം നൽകുന്ന പുരസ്‌കാരമാണ് വയലാർ അവാർഡ്. മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികൾക്ക് വർഷംതോറും നൽകിവരുന്ന പുരസ്കാരത്തിനാണ് ആർ. രാജശ്രീയുടെ ആത്രേയകം അർഹമായത്. ആത്രേയകം ഗവേഷണത്തിൻ്റെ ഭാഗമായി ആരംഭിച്ച നോവലാണെന്ന് രാജശ്രീ പറഞ്ഞു. പിന്തള്ളപ്പെട്ട മനുഷ്യരാണ് എഴുത്തിലെ ഉള്ളടക്കം. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലാണ് ആർ. രാജശ്രീ ജനനം. പി.എൻ. രാജപ്പൻ മാസ്‌റ്ററും ആർ. രാജമ്മയുമാണ് മാതാപിതാക്കൾ. ഡോക്ടർ കെ.പി. മാലതിയുടെ മേൽനോട്ടത്തിൽ സ്ത്രീരചനകളിലെ സ്ത്രീ സ്വത്വനിർമിതി എന്ന വിഷയത്തിൽ നടത്തിയ പഠനത്തിന് കണ്ണൂർ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി നേടിയിട്ടുണ്ട്. 2000 മുതൽ 2005 വരെ കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായി പ്രവർത്തിച്ചി ട്ടുണ്ട്. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും അധ്യാപികയായി പ്രവർത്തിച്ചു. നിലവിൽ തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിലെ മലയാള പഠനവിഭാഗം-ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ആർ. രാജശ്രീ.